ന്യൂഡൽഹി: സുപ്രീംകോടതി കേസ് കേൾക്കുകയും കേന്ദ്ര സർക്കാർ നടപടി എടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഹരജികൾ ഒരു ഹൈകോടതിയും പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വാക്കാൽ നിർദേശിച്ചു.
കേന്ദ്ര സർക്കാറിന്റെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. ഇന്ത്യൻ വിദ്യാർഥികളുടെ മോചനത്തിനായി രക്ഷിതാക്കൾ കേരള, രാജസ്ഥാൻ ഹൈകോടതികളെ സമീപിച്ചിരുന്നു.
യുക്രെയ്നുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച് ഹൈകോടതികൾ നിർദേശങ്ങൾ നൽകുന്നതിൽ അർഥമില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകർ മുഖേന ഹൈകോടതികളോട് പറയാൻ എ.ജിയെ തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തി. സുപ്രീംകോടതിയിലെ ഹരജിക്ക് ആധാരമായ 250 ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിൽ പരിഹാരമായെന്നും അവർ റുമേനിയ വഴി വെള്ളിയാഴ്ച തിരിച്ചെത്തുമെന്നും എ.ജി ബോധിപ്പിച്ചു. രണ്ടാമത്തെ പൊതുതാൽപര്യ ഹരജി ജനശ്രദ്ധ നേടാനുള്ള ഒന്നാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.