ന്യൂഡൽഹി: അലഹാബാദ് ഹൈകോടതി സിറ്റിങ് ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്ലിം വിദ്വേഷ പ്രസ്താവനകളിൽ സുപ്രീംകോടതി ഇടപെടൽ. ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിൽ പങ്കെടുത്ത് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ അലഹബാദ് ഹൈകോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നൽകി. അലഹബാദ് ഹൈകോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടുവെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഹൈകോടതിയില്‍നിന്ന് തേടിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൊവ്വാഴ്ച വ്യക്തമാക്കി.
ജഡ്ജിക്കെതിരെ നിയമ മേഖലയിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി.ജെ.എ.ആർ) കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതിന് നാഷനൽ കോൺഫറൻസ് എം.പി ആഗ സയ്യിദ് റൂഹുല്ല മെഹദി ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകി. നോട്ടീസിൽ എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി, ഭാരത് ആദിവാസി പാർട്ടി അംഗം രാജ്കുമാർ, സി.പി.ഐ (എം.എൽ) എം.പി സുധാമ പ്രസാദ്, സമാജ് വാദി പാർട്ടി എം.പിമാരായ മൊഹിബ്ബുല്ല നദ്വി, സിയാഉറഹ്മാൻ ബർഖ് എന്നിവരുൾപ്പെടെ ഏഴ് എം.പിമാർ ഒപ്പിട്ടു. രാജ്യസഭയിൽ ഇംപീച്ച്മെന്റിന് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകുമെന്ന് കപിൽ സിബലും വ്യക്തമാക്കി.
‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ഈ രാജ്യം ചലിക്കുക. ഇതാണ് നിയമം. ഒരു ഹൈകോടതി ജഡ്ജിയെന്ന നിലക്കല്ല താൻ സംസാരിക്കുന്നത്. മറിച്ച് ഭൂരിപക്ഷക്കാർക്ക് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന്റെ കാര്യമായാലും സമൂഹത്തിന്റെ കാര്യമായാലും ഭൂരിപക്ഷത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടുക.
എന്നാൽ ഈ ‘കഠ്മുല്ല’യുണ്ടല്ലോ.... ആ വാക്ക് ഒരു പക്ഷേ ശരിയായ വാക്കാകണമെന്നില്ല..എന്നാലും പറയുകയാണ്. അവർ ഈരാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’’.
ന്യൂഡൽഹി: മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി എസ്.കെ. യാദവിനെതിരെ മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് പരാതി നൽകി. ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. ഹൈകോടതി ലൈബ്രറി ഹാളിലാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്നത് ഗൗരവതരമാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.