ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ജനത്തിന് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണം -തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വി.വിപാറ്റുകളുടെ എണ്ണം 100 ശതമാനമായി ഉയർത്തണമെന്ന ഹരജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും എല്ലാ പ്രക്രിയകളും കോടതിമുറിയിൽ ഉള്ളവർ മാത്രം മനസിലാക്കിയാൽ പോര, പൊതുജനങ്ങളും മനസിലാക്കണം. അവർക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റികൊടുക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എങ്ങനെയാണ് വോട്ടെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും കൃത്രിമത്വം കാണിക്കാനുള്ള സാധ്യതകൾ എങ്ങിനെയെല്ലാമാണ് തടഞ്ഞിരിക്കുന്നതെന്നും വിശദീകരിക്കണമെന്നും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇ.വി.എമ്മുകളും വി.വി.പാറ്റുകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

അതേസമയം, കാസർകോട് നടന്ന മോക്ക് പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചുവെന്ന വാർത്താ റിപ്പോർട്ട് അഡ്വ. പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. തുടർന്ന്, ഈ ആരോപണം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർ സിങിനോട് കോടതി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും കോടതി ചേർന്നപ്പോൾ, വിഷയം പരിശോധിച്ചുവെന്നും വാർത്ത റിപ്പോർട്ട് തെറ്റാണെന്നും കമീഷന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നിങ്ങൾ ഞങ്ങളോട് പറയുന്നതും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വാർത്തയും തമ്മിൽ വ്യത്യാസം ഉണ്ടെന്നും വോട്ടർമാരുടെ വിശ്വാസവും മുഴുവൻ സിസ്റ്റത്തിന്‍റെയും സമഗ്രതയും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Supreme Court asks Election Commission to allay apprehension on EVMs functioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.