ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ 22,500 ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത രണ്ട് കേസുകൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ഒറ്റപ്പെട്ട വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനോടൊപ്പം തിരികെയെത്തിയവരുടെ തുടർ പഠനത്തെ കുറിച്ച് കേന്ദ്രം പരിശോധിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് എൻ.വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
വിദ്യാർഥികളെല്ലാം തിരികെ എത്തിയതോടെ ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ലെന്ന് സുപ്രീം കോടതി തുടക്കത്തിൽ തന്നെ നിരീക്ഷിച്ചിരുന്നു.
യുദ്ധത്തിൽ നാശം വിതച്ച രാജ്യത്ത് നിന്ന് തിരികെ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട വിഷയം അഭിഭാഷകൻ വിശാൽ തിവാരി സുപ്രീം കോടതിയിൽ ഉന്നയിച്ചു.
ഇതിനു മറുപടിയായി കേന്ദ്ര സർക്കാർ ഒരു വലിയ ജോലിയാണ് ചെയ്തതെന്നും വിദ്യാർഥികളുടെ തുടർ പഠനത്തിൽ സർക്കാർ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ കെ.കെ വേണുഗോപാൽ അറിയിച്ചു. തുടർന്ന് അറ്റോണി ജനറലിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തിൽ കേസുകൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനമെടുക്കുകയായിരുന്നു.
യുക്രെയ്നിൽ നിന്ന് 17,000 ഇന്ത്യൻ വിദ്യാർഥികളെ സർക്കാർ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് മാർച്ച് നാലിന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.
അഭിഭാഷകൻ വിശാൽ തിവാരിയും ബംഗളൂരു സ്വദേശിനിയായ ഫാത്തിമ അഹാനയും സമർപ്പിച്ച രണ്ട് ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.