ന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ച കേസിൽ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വരെ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഒരു കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് നൂപുർ ശർമ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ തനിക്കെതിരെയുള്ള ഒമ്പത് എഫ്.ഐ.ആറുകളും ഒരുമിച്ച് ചേർക്കണമെന്നായിരുന്നു നൂപുറിന്റെ ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നൂപുറിനെ അറസ്റ്റ് ചെയ്യുന്നത് ആഗസ്റ്റ് 10 വരെ കോടതി വിലക്കി. വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് കേന്ദ്ര സർക്കാറിനും നൂപുറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാറുകൾക്കും കോടതി നോട്ടീസ് അയച്ചു.
എല്ലാ കേസുകളും ഡൽഹി കോടതിയിലേക്ക് മാറ്റുന്നതാണോ നുപുറിന് താൽപര്യം എന്ന് സുപ്രീംകോടതി ആരാഞ്ഞു. നിലവിലുള്ള എഫ്.ഐ.ആറുകളിലോ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പുതുതായി അവർക്കെതിരെ രജിസ്റ്റർ ചെയ്തേക്കാവുന്ന ഏതെങ്കിലും എഫ്.ഐ.ആറിലോ നൂപുറിനെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ഇവരുടെ ഹർജി പരിഗണിച്ച അതേ ബെഞ്ചാണ് ഇത്തവണയും കേസ് പരിഗണിച്ചത്. ആഗസ്റ്റ് 10 ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.