ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ മരടിൽ പൊളിച്ച ഫ്ലാറ്റുകൾ നിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിർമാണം അനുവദിക്കാനാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് സുപ്രീംകോടതി നിർദേശം. ക്രിസ്മസ് അവധിയിൽ മരട് സന്ദർശിച്ച് ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിനോട് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു
2019ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് മുനിസിപ്പാലിറ്റി കാറ്റഗറി രണ്ടിൽപെടുന്ന മേഖലയാണെന്നും നിയന്ത്രണങ്ങളോടെ നിർമാണം അനുവദിക്കാമെന്നും വ്യക്തമാക്കി ബുധനാഴ്ച കേസ് പരിഗണിക്കവെ സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് കത്ത് കൈമാറി. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നിർമാണം അനുവദിക്കുന്നതിൽ കോടതി തീരുമാനമെടുക്കും. തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവിനെതുടർന്ന് 2020ൽ നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചത്.
ഫ്ലാറ്റുകൾ പൊളിക്കേണ്ടിയിരുന്നില്ലെന്നും കനത്ത പിഴ ഈടാക്കി കേസ് തീർപ്പാക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നേരത്തേ നിരീക്ഷണം നടത്തിയിരുന്നു.
ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നത്. പിഴ ഈടാക്കി ഫ്ലാറ്റുകൾ സംരക്ഷിക്കണമെന്ന വാദം അന്ന് സുപ്രീംകോടതിയിൽ ഉയർന്നിരുന്നുവെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര പൊളിച്ചുമാറ്റിയേ മതിയാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.