ന്യൂഡൽഹി: ഇലക്ട്രോണിക് യന്ത്രത്തിൽ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാന വിവരങ്ങൾ ചുരുങ്ങിയത് മൂന്ന് വർഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നിർദേശം നൽകണമെന്ന് രാജ്യസഭ എം.പി കപിൽ സിബൽ ആവശ്യപ്പെട്ടു. ഏത് സമയത്താണ് വോട്ടെടുപ്പ് അവസാനിച്ചത്, എത്ര വോട്ടുകൾ അസാധുവായി, ഏത് സമയത്താണ് വോട്ട് രേഖപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവുകളാണ്.
ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ 30 ദിവസം വരെയാണ് സൂക്ഷിക്കുന്നത്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന് അവർ വെളിപ്പെടുത്താറില്ല. രേഖപ്പെടുത്തിയ വോട്ടുകളെക്കുറിച്ച് വിവരം സൂക്ഷിക്കൽ അവരുടെ ഉത്തരവാദിത്തമാണെന്നും വാർത്തസമ്മേളനത്തിൽ സിബൽ പറഞ്ഞു. വോട്ടെണ്ണൽ നടക്കുമ്പോൾ ഫലം പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ച് സർക്കാർ രൂപവത്കരിക്കുമെന്നതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല.
ഈ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശം നൽകുകയും വോട്ടെണ്ണലിന് മുമ്പ് എല്ലാ ഘട്ടങ്ങളുടെയും രേഖകൾ പരസ്യപ്പെടുത്തുകയും ചെയ്താൽ ഒരു എം.പിയും നിയമവിരുദ്ധമായി തെരഞ്ഞെടുക്കപ്പെടില്ല. വോട്ടിങ് ശതമാനം എങ്ങനെ ഉയർന്നു, പുതുക്കിയ കണക്കുകൾ നൽകിയിട്ടും എങ്ങനെ വർധിച്ചുവെന്നുകൂടി അറിയേണ്ടതുണ്ടെന്നും മുതിർന്ന അഭിഭാഷകൻകൂടിയായ സിബൽ പറഞ്ഞു.
പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങൾ വിവേചനരഹിതമായി വെളിപ്പെടുത്തുന്നതും വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുന്നതും തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ താറുമാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് സിബലിന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.