മദ്റസകൾ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ മദ്റസകൾക്കെതിരെ ദേശീയ ബാലാവകാശ കമീഷൻ പുറപ്പെടുവിച്ച നിർദേശങ്ങളിൽ നടപടി അരുതെന്ന് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമല്ലാത്ത തരത്തിൽ പ്രവർത്തിക്കുന്ന മദ്റസകളുടെ അംഗീകാരം റദ്ദാക്കി അടച്ചുപൂട്ടാനും അതിനായി മദ്റസകളിൽ പരിശോധന നടത്താനുമുള്ള ബാലാവകാശ കമീഷൻ നിർദേശത്തിനാണ് സുപ്രീംകോടതി തടയിട്ടത്.

അഡ്വ. ഫുസൈൽ അഹ്മദ് അയ്യൂബി മുഖേന ജംഇയ്യതുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെ ഹരജിയിൽ ദേശീയ ബാലാവകാശ കമീഷനും കേന്ദ്ര-സംസ്ഥാന സർക്കാറുകളും നാലാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. നാലാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. ബാലാവകാശ കമീഷൻ നിർദേശപ്രകാരം അംഗീകാരമില്ലാത്ത മദ്റസകളിലെ മുഴുവൻ വിദ്യാർഥികളെയും സർക്കാർ, എയ്ഡഡ് മദ്റസകളിൽ പഠിക്കുന്ന അമുസ്‍ലിം വിദ്യാർഥികളെയും സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്ന ഉത്തർപ്രദേശ് സർക്കാർ ഉത്തരവും മദ്റസകൾ മുഴുവൻ അടച്ചുപൂട്ടാനുള്ള ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവും നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു.

കമീഷന്റെ നിർദേശങ്ങളും നടപടികളും ഭരണഘടനയുടെ 30ാം അനുച്ഛേദം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനമാണെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. കേസിൽ വിശദമായി വാദം കേട്ട് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതു വരെ വിവാദ നിർദേശങ്ങൾ ഒന്നും നടപ്പാക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

മദ്റസകൾക്കെതിരെ ജൂൺ ഏഴിനും ജൂൺ 25നും ദേശീയ ബാലാവകാശ കമീഷൻ അയച്ച കത്തുകളും അതിന്മേലുള്ള തുടർ നിർദേശങ്ങളും ജൂൺ 26ന് ഉത്തർപ്രദേശ് സർക്കാർ ഇറക്കിയ ഉത്തരവും ജൂലൈ 10ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച നിർദേശവും ആഗസ്റ്റ് 28ന് ത്രിപുര സർക്കാർ ഇറക്കിയ ഉത്തരവും നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിർദേശം നൽകി.

എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ജംഇയ്യത്തിന്റെ ഹരജിയിൽ കക്ഷിചേർക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ഇവരെയും കക്ഷികളാക്കി നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. 2004ലെ യു.പി മദ്റസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈകോടതി വിധി ഈ വർഷം ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

Tags:    
News Summary - SupremeCourt stays the NCPCR communication to the Union Ministry to direct all States/UTs to withdraw the recognition of Madarsas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.