ന്യൂഡൽഹി: ഡൽഹി മലിനീകരണം കുറക്കുന്നതിന് 24 മണിക്കൂറിനകം വഴി കണ്ടെത്തിയില്ലെങ്കിൽ സ്വന്തം വഴി നോക്കുമെന്ന സുപ്രീംകോടതി ഭീഷണി ഫലിച്ചു. മലിനീകരണം നേരിടാൻ അടിയന്തര ദൗത്യസംഘത്തിനും ഫ്ലയിങ് സ്ക്വാഡിനും വായു ഗുണനിലവാര പരിപാലന കമീഷൻ രൂപം നൽകിയെന്നും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കാൻ നടപടിയെടുത്തുവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടാനുള്ള ഡൽഹി സർക്കാറിെൻറ തീരുമാനവും സുപ്രീംകോടതി രേഖപ്പെടുത്തി. സുപ്രീംകോടതി വിമർശനത്തെ തുടർന്ന് വായു ഗുണനിലവാര പരിപാലന കമീഷൻ വ്യാഴാഴ്ച തന്നെ നിരവധി തീരുമാനങ്ങളെടുത്തുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
സ്കൂൾ അടച്ചതിന് തങ്ങളെ വില്ലനാക്കുന്ന തരത്തിലാണ് മാധ്യമ റിപ്പോർട്ടുകളെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പരാതിപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം എടുത്തുകളയാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, തങ്ങൾക്ക് ഒന്നും പറയാനാവില്ലെന്നും അവർക്ക് എന്തും പറയാമെന്നും കൂട്ടിച്ചേർത്തു.
വ്യവസായങ്ങൾ അടച്ചിട്ടാൽ കരിമ്പ് മില്ലുകളെയും ക്ഷീര വ്യവസായത്തെയും ബാധിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കമീഷൻ മുമ്പാകെ ഇക്കാര്യം ബോധിപ്പിക്കാൻ സുപ്രീംകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു. ഏഴ് ആശുപത്രികളുടെ നിർമാണ പ്രവർത്തനത്തിന് ഇളവ് അനുവദിക്കണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. കമീഷൻ നിർദേശങ്ങൾക്ക് അനുസൃതമായി മാത്രമേ നിർമാണ പ്രവൃത്തിക്ക് അനുമതി നൽകൂ എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതി ഒരു ദൗത്യസംഘം ഉണ്ടാക്കേണ്ടതില്ലെന്നും വിഷയം സർക്കാർ നേരിടുമെന്നും എസ്.ജി തുഷാർ മേത്ത വ്യാഴാഴ്ച ഉറപ്പുനൽകിയിരുന്നു. ദൗത്യസംഘം വേണ്ടെന്ന് ഡൽഹി സർക്കാർ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും ആവശ്യപ്പെട്ടു.
'മലിനീകരണമുണ്ടാക്കുന്നത് പാകിസ്താൻ വായു'
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മലിനീകരണമുണ്ടാക്കുന്നത് പാകിസ്താനിൽ നിന്ന് വരുന്ന വായുവാണെന്നും സംസ്ഥാനത്തെ വ്യവസായങ്ങളല്ലെന്നും യു.പി സർക്കാർ സുപ്രീംകോടതിയിൽ. സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറാണ് ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്.
മലിനീകരണത്തിെൻറ പേരിൽ സംസ്ഥാനത്തെ വ്യവസായങ്ങൾ അടച്ചിടാനാവില്ലെന്ന് വ്യക്തമാക്കിയാണ് പ്രശ്നം പാകിസ്താനിലെ വായുവാണെന്ന് അഭിഭാഷകൻ വാദിച്ചത്. ഉത്തർപ്രദേശിലേക്ക് പാകിസ്താനിൽ നിന്നുള്ള വായുവാണ് പ്രധാനമായും വരുന്നത്. മലിനീകരണം യു.പിയിൽ സൃഷ്ടിക്കുന്നതല്ലെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ എങ്കിൽ പാകിസ്താനിലെ വ്യവസായങ്ങൾ നിരോധിക്കണമെന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.