സൂറത്ത് പണമിടപാടുകാരനില്‍നിന്ന് പിടികൂടിയത് 10.50 കോടിയുടെ സ്വത്ത്

സൂറത്ത്: ചായ വില്‍പനക്കാരനില്‍നിന്ന് പണ ഇടപാടുകാരനായി മാറിയ സൂറത്തിലെ വ്യക്തിയില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 10.50 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുക്കള്‍. കള്ളപ്പണ വേട്ടയുടെ ഭാഗമായാണ് കിഷോര്‍ ഭാജിയവാല എന്നയാളുടെ  കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. 1.05 കോടി രൂപയുടെ പുതിയ കറന്‍സി ഉള്‍പ്പെടെ 1.45 കോടി രൂപയും 1.49 കോടി രൂപയുടെ സ്വര്‍ണക്കട്ടിയും 4.92 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 1.39 കോടി രൂപയുടെ മറ്റ് ആഭരണങ്ങളും 1.28 കോടി രൂപയുടെ വെള്ളിക്കട്ടിയുമാണ് പിടികൂടിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആദായനികുതി വകുപ്പ് അധികൃതര്‍ വിസമ്മതിച്ചു. ഇയാള്‍ക്ക് 1000 കോടിയുടെ അനധികൃത സമ്പത്തുള്ളതായാണ് പ്രാഥമിക വിലയിരുത്തലുണ്ടായത്.

ഇയാളുടെ പേരിലുള്ള 13 ബാങ്ക് ലോക്കറുകളാണ് ഇതുവരെ പരിശോധിച്ചത്. നാലെണ്ണം കൂടി പരിശോധിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതുകൂടി പരിശോധിച്ചാല്‍ അനധികൃത സമ്പാദ്യം വര്‍ധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വീണ്ടും കള്ളപ്പണം പിടികൂടി. 58,000 രൂപയുടെ ഇന്ത്യന്‍ രൂപയും ആറ് ലക്ഷം രൂപയുടെ നേപ്പാള്‍ കറന്‍സിയുമാണ് പല്ലിയയിലെ ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഇന്ത്യന്‍ കറന്‍സി 2000 രൂപയുടെ നോട്ടുകളായാണ് സൂക്ഷിച്ചിരുന്നത്.
ഹൈദരാബാദില്‍ 66 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി. ഡിസംബര്‍ 16ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഒരു അപ്പാര്‍ട്മെന്‍റിലേക്ക് ഓടിക്കയറിയ സംഘത്തില്‍നിന്ന് 36 ലക്ഷം രൂപയും ഡിസംബര്‍ 17ന് സ്കൂട്ടര്‍ യാത്രക്കാരനില്‍നിന്ന് 30 ലക്ഷം രൂപയുമാണ് പിടികൂടിയത്.
നോയ്ഡയില്‍ 18 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ജിന്ദ് സ്വദേശി വിനയ് കുമാര്‍, ഹിസാര്‍ സ്വദേശികളായ മഹേന്ദ്ര കുമാര്‍, പ്രവീണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനാംഗങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘത്തെ പിടികൂടിയത്.

 

Tags:    
News Summary - Surat: Cash, jewellery worth Rs 10.5 crore seized from chaiwala-turned-financier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.