മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട ബിഹാറിലെ കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സുശാന്തിെൻറ കാമുകിയുമായ റിയ ചക്രബർത്തി നൽകിയ ഹരജി സുപ്രീം കോടതി വിധിപറയാൻ മാറ്റി. ബിഹാർ, മഹാരാഷ്ട്ര സർക്കാറുകൾ, പരാതിക്കാരനായ സുശാന്തിെൻറ പിതാവ്, റിയ എന്നിവരുടെ വാദങ്ങൾ വ്യാഴാഴ്ചയോടെ എഴുതി നൽകാൻ ജസ്റ്റിസ് ഋഷികേശ് റോയ് ആവശ്യപ്പെട്ടു.
ബിഹാറിലെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് റിയയുടെയും മഹാരാഷ്ട്ര സർക്കാറിെൻറയും അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. സംഭവം നടന്നത് മുംബൈയിൽ ആയതിനാൽ ബിഹാർ പൊലീസിന് കേസെടുക്കാൻ അവകാശമില്ലെന്നും കേസ് മുംബൈയിലേക്ക് മാറ്റണമെന്നും മഹാരാഷ്ട്ര സർക്കാർ കേസ് സി.ബി.െഎക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും റിയയുടെ അഭിഭാഷകൻ ശ്യാം ദിവാൻ പറഞ്ഞു. മുമ്പ് റിയ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടത് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത് പറഞ്ഞത്.
സുശാന്തിെൻറ പിതാവ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് റിയയെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അഭിഭാഷകൻ റിയയും സുശാന്തും പ്രണയത്തിലായിരുന്നുവെന്നും സുശാന്തിെൻറ മരണമേൽപിച്ച ആഘാതത്തിലാണ് റിയയെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്ര സർക്കാറിെൻറ സമ്മർദത്തെ തുടർന്ന് മുംബൈ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ബിഹാർ സർക്കാറും സുശാന്തിെൻറ പിതാവും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.