മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം മുംബൈ പൊലിസ് തന്നെയാണ് അന്വേഷിക്കേണ്ടതെന്ന് എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശരദ് പവാർ. മുംബൈ പൊലിസിനെ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമന്നും അതിനു ശേഷം ആരെങ്കിലും ആവശ്യപ്പെട്ടാൽ കേസ് സി.ബി.ഐക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും പവാർ പറഞ്ഞു.
50 വർഷമായി മുംബൈ, മഹാരാഷ്ട്ര പൊലിസിനെ തനിക്ക് അടുത്തറിയാമെന്നും മുൻ സംസ്ഥാന മുഖ്യമന്ത്രികൂടിയായ പവാർ കൂട്ടിച്ചേർത്തു. പട്നയിൽ സുശാന്തിന്‍റെ പിതാവ് നൽകിയ കേസ് സിബി.ഐക്ക് കൈമാറിയതിനെ തുടർന്ന് ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കൊമ്പുകോർക്കുന്നതിനിടെയാണ് പവാറിന്‍റെ പ്രതികരണം.
കേസ് സി.ബി.ഐക്ക് വിടണമെന്ന പാർട്ടി നേതാവും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മകനുമായ പാർഥ പവാറിന്‍റെ ആവശ്യത്തോട് അവന് പക്വതയായിട്ടില്ലെന്നാണ് പവാർ പ്രതികരിച്ചത്. ശിവസേന നേതൃത്വത്തിലെ സർക്കാർ ഭരണം ഇനിയും ദഹിക്കാത്തതിനാലാണ് പ്രതിപക്ഷം സുശാന്ത് കേസിൽ താക്കറെമാരുടെ പേര് വലിച്ചിഴക്കുന്നതെന്നും പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.