തിരുച്ചിറപ്പള്ളി: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിംഗ് ഫാർമേഴ്‌സ് അസോസിയേഷൻ ട്രിച്ചിയിൽ റെയിൽവേ ട്രാക്കിൽ പ്രതിഷേധ പ്രകടനം നടത്തി. റെയിൽവേ ട്രാക്കിൽ നിന്ന് മുദ്രാവാക്യം വിളിച്ചാണ് കർഷകസംഘം അംഗങ്ങൾ പ്രതിഷേധിച്ചത്.
സെപ്റ്റംബർ 25നും അയ്യങ്കണ്ണുവിന്‍റെ നേതൃത്വത്തിലുള്ള കർഷകർ പ്രതിഷേധിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന 'കുരുവൈ' കൃഷിയെ രക്ഷിക്കാൻ കാവേരി ജലം പങ്കിടണമെന്ന് ആവശ്യപ്പെട്ട് അർധനഗ്നരായി അസ്ഥികൂടത്തിന്‍റെ ഭാഗങ്ങൾ കടിച്ച് പിടിച്ചാണ് പ്രതിഷേധിച്ചത്.
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ പ്രശ്നം വിലയിരുത്താൻ കമീഷൻ വേണമെന്ന് കോൺഗ്രസ് എം.പി പി. ചിദംമ്പരം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
"ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്‍റംഗമാണ്. എനിക്ക് തമിഴ്നാടിന്‍റെ ആവശ്യങ്ങളും കർണാടകയിൽ നിന്നുളളവർക്ക് അവരുടെ ആവശ്യവും മുന്നോട്ട് വെക്കാൻ കഴിയും. എന്നാൽ പ്രശ്നം വിലയിരുത്താൻ ഒരു കമീഷൻ ആവശ്യമാണ്. രണ്ട് സംസ്ഥാനങ്ങളും കമീഷൻ തീരുമാനം അനുസരിച്ച് പ്രവർത്തിക്കണം"- പി.ചിദംമ്പരം പറഞ്ഞു.
കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് സർക്കാരുകൾ തമ്മിൽ കടുത്ത തർക്കമാണ് നിലനിൽക്കുന്നത്. കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി 2023 സെപ്‌റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ ബിലിഗുണ്ട്‌ലുവിൽ 3000 ക്യുസെക്‌സ് ജലം തുറന്നുവിടുമെന്ന് കർണാടകയോട് ഉത്തരവിട്ടിരുന്നു. നേരത്തെ 5000 ക്യുസെക്‌സ് വെള്ളമാണ് തുറന്നുവിട്ടിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാടിന് വെള്ളം നൽകാത്തതെന്ന് കർണാടകയും എന്നാൽ ജലവിതരണവുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങൾ കള്ളം പറയുകയാണെന്ന് തമിഴ്‌നാടും ആരോപിക്കുന്നു.
സംസ്ഥാനത്തിൽ വെള്ളമില്ലാത്തതിനാൽ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീം കോടതിക്കും മുമ്പാകെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. തമിഴ്നാടിന് 5000 ക്യുസെക്‌സ് വെള്ളം നൽകണമെന്ന് കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി ഉത്തരവിട്ടതിനെ തുടർന്ന് കർണാടകയിലും കർഷകർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.