ന്യൂഡൽഹി: എയർ ഇന്ത്യയെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയെ തിരികെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരത്തിലുള്ള വിമാന സർവിസാക്കി മാറ്റുമെന്നും ടാറ്റ സൺസ് ചെയർമാർ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. കനത്ത കടബാധ്യത മൂലം എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് വൻ തുകയ്ക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തയാറായത്. ടാറ്റയുടെ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ 1953ലാണ് 2.8 കോടി രൂപക്ക് സർക്കാർ ഏറ്റെടുത്തത്.
ടാലേസ് എന്ന ടാറ്റയുടെ ഉപകമ്പനിക്കാവും എയർ ഇന്ത്യയുടെ ഉടമസ്ഥത. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റക്ക് ലഭിക്കുക.
കൊടും നഷ്ടത്തിൽ പറന്നുകൊണ്ടിരുന്ന എയർ ഇന്ത്യയെ ഒരു വിധത്തിലും രക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് കേന്ദ്ര സർക്കാർ മത്സര ടെൻഡറിലൂടെ കമ്പനിയെ വിൽപനക്കുവെച്ചത്.
ടാറ്റയും സ്പൈസ്ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള കൺസോട്യവും തമ്മിലായിരുന്നു എയർ ഇന്ത്യയെ ഏറ്റെടുക്കാനായുള്ള മത്സരം. എയർ ഇന്ത്യക്ക് പുറമേ എയർ ഏഷ്യ ഇന്ത്യയുടെ ഭൂരിപക്ഷം ഷെയറുകളും സിംഗപ്പൂർ എയർലൈൻസിെൻറ പങ്കാളിത്തത്തോടെ നടത്തുന്ന വിസ്താര എയർലൈൻസും ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.