സ്ഥോടനത്തിൽ തകർന്ന വീടിന്‍റെ ഭിത്തി

എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു.ഒമേന്ദ്രയെന്ന കുട്ടിക്കാണ് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. കുട്ടിയുടെ അമ്മക്കും ഇവരുടെ ബന്ധുവിനും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തിൽ വീടിന്‍റെ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നു.

സംഭവം നടക്കുമ്പോൾ ഒമേന്ദ്രയും അമ്മയും ബന്ധുവായ സ്ത്രീയും സുഹൃത്ത് കരണുമാണ് വീട്ടിലുണ്ടായിരുന്നത്. ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്നുപേരും ചികിത്സയിലാണ്.

വലിയ ശബ്ദം കേട്ടതായി ഇവരുടെ അയൽവാസിയായ വിനീത പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം എന്നാണ് ആദ്യം കരുതിയത്. ഇതോടെ എല്ലാവരും പുറത്തേക്ക് ഓടി. ഒമേന്ദ്രയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നതും കണ്ടു- അവർ വ്യക്തമാക്കി. സ്‌ഫോടനം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നുവെന്ന് കുട്ടിയുടെ മറ്റൊരു ബന്ധുവായ മോണിക്ക പറഞ്ഞു. ശക്തമായ സ്ഫോടനത്തിൽ വീട് മുഴുവൻ കുലുങ്ങിയതായും മതിലിന്റെ ഭാഗങ്ങൾ തകർന്നെന്നും അവർ കൂട്ടിച്ചേർത്തു.

ഭിത്തിയിൽ ഘടിപ്പിച്ച എൽ.ഇ.ഡി ടിവി പൊട്ടിത്തെറിച്ചതാണ് അപകടകാരണമായി കരുതുന്നതെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഗാസിയാബാദിലെ പൊലീസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Teen Dead, Massive Hole In Wall As LED TV Explodes At UP Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.