ഹൈദരാബാദ്: ഹൈദരാബാദിൽ റാഗിങ്ങിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർഥിനി മരിച്ചു. 26 കാരിയായ ഡി. പ്രീതി കാകതീയയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച് നാല് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് മരണം.
ബുധനാഴ്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എം.ജി.എം ഹോസ്പിറ്റലിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയുമായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിങ്, ആത്മഹത്യാ പ്രേരണം, പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
ഇരയുടെയും പ്രതിയുടെയും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് റാഗിങ് നടന്നതിന്‍റെ തെളിവ് ലഭിച്ചതായി പൊലീസ് കമീഷണർ എ.വി രംഗനാഥ് പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കോളേജ്, ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥിയുടെ പിതാവ് നരേന്ദർ ആരോപിച്ചു.
പെൺകുട്ടിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമീഷനും എസ്.സി/എസ്.ടി ദേശീയ കമീഷനും സർക്കാർ, എം.ജി.എം ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ, പ്രീതി പഠിച്ചിരുന്ന അനസ്‌തേഷ്യോളജി വിഭാഗം മേധാവി എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.