ലഖ്നോ: ഉത്തര്‍പ്രദേശിലെ താകുര്‍ഗഞ്ചില്‍ വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരനെ 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഭീകരവിരുദ്ധ സേന വധിച്ചു. രണ്ടു പേരുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഒരു മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. പിസ്റ്റൾ, റിവോൾവർ, കത്തി തുടങ്ങിയ ആയുധങ്ങളും വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു. താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടിലാണ് ഭീകരൻ ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്.
സെയ്ഫുല്ല എന്നാണ് മരിച്ചയാളുടെ പേര്. ഇയാൾക്ക് ചൊവ്വാഴ്ച നടന്ന ഭോപാൽ -ഉജ്ജെെന്‍ ട്രെയിനപകടത്തില്‍ പങ്കുണ്ടെന്നും ഐ.എസ് ബന്ധമുള്ളതായും യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു. ഏഴു ഘട്ടമായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിെൻറ അവസാന നിമിഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടൽ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്രമി കീഴടങ്ങാന്‍ തയാറായിരുന്നില്ല. രണ്ടു പേർ ഉണ്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിെൻറ മേല്‍ക്കൂരയിൽ ദ്വാരമുണ്ടാക്കി മൈക്രോ കാമറയിലൂടെ എടുത്ത ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് ആയുധങ്ങളുടെ നിഴൽ കണ്ടതുകൊണ്ടാണ് രണ്ടുപേർ ഉണ്ടെന്ന് കരുതിയതെന്ന് പൊലീസ് മേധാവികൾ അറിയിച്ചു.
അക്രമിയെ ജീവനോടെ പിടികൂടാനായിരുന്നു ശ്രമം. 20 അംഗ കമാന്‍ഡോ സംഘമാണ് ഭീകരവിരുദ്ധസേനക്കൊപ്പം ആക്രമണം നടത്തിയത്. ട്രെയിനപകടമുണ്ടായി നിമിഷങ്ങള്‍ക്കകം ലഖ്നോക്കു സമീപം താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടില്‍ രണ്ടു പേര്‍ ഒളിച്ചിരിക്കുന്നതായി യു.പി ഭീകരവിരുദ്ധ സേനക്ക് വിവരം ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഇന്‍റലിജന്‍സ് ഏജന്‍സികളാണ് വിവരം നല്‍കിയത്. ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷസേന വീടിെൻറ വാതിലില്‍ മുട്ടി. അകത്തുള്ളവര്‍ ഉടന്‍ വാതിലടക്കുകയും സേനക്കുനേരെ വെടിവെക്കുകയുമായിരുന്നു. വീടിന്‍െറ ഒന്നാം നിലയില്‍ ഒളിഞ്ഞിരിക്കുന്നവര്‍ക്കെതിരെ സുരക്ഷസേനയും വെടിവെച്ചു. അല്‍പനേരത്തിനുശേഷം വീട്ടില്‍നിന്നുള്ള വെടിവെപ്പ് അവസാനിച്ചെങ്കിലും കീഴടങ്ങലുണ്ടായില്ല. കീഴടങ്ങാനുള്ള ആവശ്യം ഭീകരര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് രാത്രി വൈകി ഏറ്റുമുട്ടല്‍ ശക്തമാക്കിയത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ ഏറെ കരുതലോടെയാണ് ഭീകരവിരുദ്ധസേനയുടെ നീക്കം. സേന പ്രദേശം വളയുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഒളിച്ചിരിക്കുന്നവരുടെ കൈവശം ആയുധശേഖരമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ അതിജാഗ്രതയോടെ വീടിനുനേരെ ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പീന്നിട് വീട്ടിലേക്ക് പുക കടത്തിവിടുകയും മുളകുബോംബ് വര്‍ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.