താനെ: ദോംബ്വിലിയിലെ കെമിക്കൽ ഫാക്ടറിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. ആളപായമില്ല. മൂന്നാഴ്ചയ്ക്കിടെ മേഖലയലിൽ ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 23ന് ഇതേ പ്രദേശത്തുള്ള അമുദൻ കെമിക്കൽ കമ്പനിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പുതിയ സംഭവത്തിൽ കമ്പനി ഉടമകളായ മലായ് മേത്തയെയും ഭാര്യ സ്നേഹ മേത്തയെയും അറസ്റ്റ് ചെയ്തതായാണ് വിവരം. കല്യാൺ, താനെ, ഭീവണ്ടി, ബേലാപൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള പത്ത് ഫയർ എഞ്ചിനുകളുമായി എം.ഐ.ഡി.സി സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ സ്ഥലത്തെത്തിയതായി ഫയർ ഓഫിസർ പറഞ്ഞു. രാസവള നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഇൻഡോ അമൈൻസിലാണ് തീപിടിത്തമുണ്ടായതെന്നും കമ്പനി വളപ്പിൽ തൊഴിലാളികളോ ജീവനക്കാരോ കുടുങ്ങിയിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും കല്യാൺ ഡി.സി.പി സച്ചിൻ ഗുഞ്ചാൽ അറിയിച്ചു.
കേബിളുകളും വയറുകളും നിർമിക്കുന്ന തൊട്ടടുത്തുള്ള മാൾഡെ കമ്പനിയിലേക്ക് തീ പടർന്നെങ്കിലും അവിടുത്തെ ജീവനക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാൽ അപായം സംഭവിച്ചില്ല. സമീപത്തെ കെമിക്കൽ കമ്പനിയിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.