ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ബഹുഭാഷ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്വല മാതൃകയാണ്. വൈവിധ്യങ്ങളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം ലഭിക്കണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്‍റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനമാധ്യമം ഹിന്ദിയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അതത് പ്രാദേശിക ഭാഷകളും ആക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അടുത്തിടെ ശിപാർശ ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇംഗ്ലീഷിനേക്കാൾ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകണമെന്നും ശിപാർശയിലുണ്ടായിരുന്നു.
ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഡി.എം.കെ എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ പ്രധാന തത്വങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി.
ഹിന്ദി ഭാഷ വിഷയത്തിൽ നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എം.ബി.ബി.എസ് ഒന്നാം വർഷ പാഠപുസ്തകങ്ങൾ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മധ്യപ്രദേശിൽ പ്രകാശനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.