ബംഗളൂരു: യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക ഹാവേരി സ്വദേശിയും മെഡിക്കൽ വിദ്യാർഥിയുമായ നവീൻ ഗ്യാനഗൗഡറിന്റെ (21) മൃതദേഹം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ മൂന്നിനാണ് മൃതദേഹം എത്തിക്കുക.
റഷ്യൻ സേന യുക്രെയ്നിലെ ഖാർക്കിവിൽ മാർച്ച് ഒന്നിന് നടത്തിയ ആക്രമണത്തിലാണ് ഹാവേരി റാണിബെന്നൂർ ചലഗേരി സ്വദേശിയും ഖാർക്കിവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥിയുമായ നവീൻ കൊല്ലപ്പെട്ടത്. യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഏക ഇന്ത്യൻ വിദ്യാർഥിയാണ് നവീൻ.
ആക്രമണമാരംഭിച്ചപ്പോൾ ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ പിന്നീട് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ഷെല്ലാക്രമണത്തിൽപെട്ടത്. യുദ്ധം തുടരുന്നതിനാൽ നവീന്റെ മൃതദേഹം എംബാം ചെയ്തശേഷം ഖാർക്കിവിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവീന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്താൻ കേന്ദ്രസർക്കാർ വഴിയൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.