ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി രണ്ടാഴ്ചകൂടി നീട്ടി നൽകി. സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയായിരുന്നു.
മണിപ്പൂരിലെയും ഛത്തിസ്ഗഢിലെയും രണ്ടു മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹരജിയിൽ ഏപ്രിൽ 30ന് ജസ്റ്റിസ് ലളിതിെൻറ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചെങ്കിലും മറുപടി നൽകിയില്ല. ഇതിനിടയിൽ ഇൗ ഹരജിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ അടക്കം അഞ്ചു പേർ കക്ഷിചേർന്നിരുന്നു. ഇതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഈ മാസം 27നാണ് പരിഗണിക്കുക.
സർക്കാറിനെ വിമർശിക്കുന്നവർക്കെതിരെ 124 എ വകുപ്പ് പ്രയോഗിക്കുന്നുവെന്ന് ഹരജിക്കാർ ബോധിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരായ വിനോദ് ദുവെ, സിദ്ദീഖ് കാപ്പൻ, ആക്ടിവിസ്റ്റ് ദിശ രവി, നടി ആയിഷ സുൽത്താന എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഹരജികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളനിവാഴ്ചക്കാർ സ്വാതന്ത്ര്യസമരസേനാനികൾക്കെതിരെ ഉപയോഗിച്ച ഈ വകുപ്പിനെതിരെ ഭരണഘടന നിർമാണസഭയിൽ ജവഹർലാൽ നെഹ്റുവും അനന്തശയനം അയ്യങ്കാറും കെ.കെ. മുൻഷിയും മുന്നറിയിപ്പ് നൽകിയതാണെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന ശശികുമാർ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.