ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വീണ്ടും അഭയാർഥി പ്രവാഹം, എത്തിയത് നാലംഗ കുടുംബം

രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വീണ്ടും അഭയാർഥി പ്രവാഹം. ഇന്ന് പുലർച്ചെ ജാഫ്നയിലെ തലൈമാന്നാറിൽ നിന്ന് ആന്‍റണി, രഞ്ജിത, മക്കളായ ജൻസിക, ആകാശ് എന്നിവരാണ് ധനുഷ്കോടിയിലെത്തിയത്. സ്പീഡ് ബോട്ടിൽ യാത്ര ചെയ്താണ് നാലംഗ കുടുംബം ഇന്ത്യൻ തീരത്തെത്തിയത്.

രാവിലെ നാലരയോടെ കടലിന് സമീപമുള്ള തുരുത്തിൽവെച്ചാണ് മത്സ്യത്തൊഴിലാളികൾ ഇവരെ കാണുന്നത്. തീരത്ത് ഇറക്കിയ ശേഷം സ്പീഡ് ബോട്ട് മടങ്ങിപ്പോയി. മറൈൻ പൊലീസും നാവികസേനയും കസ്റ്റഡിയിലെടുത്ത ഇവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തുടർന്ന് രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റും.

പട്ടിണി സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ശ്രീലങ്ക വിട്ടതെന്ന് മത്സ്യത്തൊഴിലാളിയായ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. ഒന്നരമാസമായി മത്സ്യബന്ധനത്തിന് പോയിട്ടില്ല. വരുമാനത്തിനുള്ള മറ്റ് ജോലികൾ ലഭിക്കുന്നില്ല. നാട്ടിൽ മണ്ണെണ്ണയും വൈദ്യുതിയുമില്ലെന്നും ആന്‍റണി വ്യക്തമാക്കി.

ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികൾക്ക് രാഷ്ട്രീയ അഭയം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം തമിഴ്നാട്ടിലെത്തുന്ന അഭയാർഥികളുടെ നിയമനടപടികൾ പൂർത്തിയാക്കി മണ്ഡപത്തെ ക്യാമ്പിലേക്കാണ് മാറ്റുന്നത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തെത്തിയ പതിനാറോളം പേർ മണ്ഡപം ക്യാമ്പിലാണ് കഴിയുന്നത്.

Tags:    
News Summary - The fourth family came to Tamil Nadu from Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.