സ്വന്തം ലേഖകൻ
ന്യൂഡൽഹി: മണിപ്പൂർ കലാപം സുപ്രീംകോടതി വിശദമായ വാദത്തിനെടുത്തതോടെ പ്രതിരോധം ദുർബലത്തിലായ കേന്ദ്ര സർക്കാർ രാജ്യസഭയിൽ ചട്ടം 176 പ്രകാരം പേരിനൊരു ഹ്രസ്വ ചർച്ച നടത്താൻ നടത്തിയ നീക്കം ‘ഇൻഡ്യ’ കക്ഷികൾ വിഫലമാക്കി. ചട്ടം 267 പ്രകാരം മറ്റു നടപടികളെല്ലാം നിർത്തിവെച്ചുള്ള അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് 65 എം.പിമാർ നൽകിയ നോട്ടീസ് തള്ളിയാണ് ഉച്ചക്ക് രണ്ടു മണിക്ക് ഹ്രസ്വ ചർച്ച നടത്താൻ സർക്കാർ ശ്രമം നടത്തിയത്.
ഇൻഡ്യ സഖ്യം ഏകോപിച്ചെടുത്ത തീരുമാനത്തിൽനിന്ന് ഭിന്നമായി ജൂലൈ 20 തൊട്ട് കേരളത്തിൽനിന്നുള്ള സി.പി.എം അംഗങ്ങൾ അടക്കമുള്ളവർ ചട്ടം 176 പ്രകാരം നൽകിയ നോട്ടീസ് പ്രകാരമാണ് ഹ്രസ്വ ചർച്ച അനുവദിച്ചതെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാർ നടത്തി. രാവിലെ രണ്ട് തവണ നിർത്തിവെച്ച് ഉച്ചക്ക് രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ പ്രതിപക്ഷ അംഗങ്ങളുടെ കൂടി ആവശ്യം മാനിച്ച് 176 പ്രകാരം ചർച്ച നടത്താമെന്നാണ് കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയലും പ്രഹ്ളാദ് ജോഷിയും വ്യക്തമാക്കിയത്. പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയവരുടെ പേരുകൾ ഉൾപ്പെടുത്തി ഹ്രസ്വ ചർച്ചക്കുള്ളവരുടെ പട്ടിക രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കുകയും ചെയ്തു.
തങ്ങൾ ചട്ടം 267 പ്രകാരമാണ് ചർച്ച ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇൻഡ്യ കക്ഷികൾ എഴുന്നേറ്റു നിന്നപ്പോൾ പ്രതിപക്ഷത്തു നിന്ന് 167 ചട്ട പ്രകാരം ചർച്ചക്ക് നോട്ടീസ് നൽകിയവരെയും അതിനെ പിന്തുണച്ചവരെയും ഉൾപ്പെടുത്തിയാണ് ചർച്ചക്ക് പട്ടികയുണ്ടാക്കിയതെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖറും വ്യക്തമാക്കി.
തിങ്കളാഴ്ചയും കഴിഞ്ഞ ഏതാനും ദിവസങ്ങളായും തങ്ങൾ നൽകുന്നത് 276 പ്രകാരമുള്ള നോട്ടീസാണെന്ന് പറഞ്ഞ് പ്രതിപക്ഷം മുദ്രാവാക്യം തുടങ്ങിയതോടെ ‘മണിപ്പൂർ, മണിപ്പൂർ’ എന്ന പ്രതിപക്ഷത്തിന്റെ പതിവ് മുദ്രാവാക്യം ഏറ്റെടുത്ത് ഭരണപക്ഷവും പോരിനിറങ്ങി. പ്രധാനമന്ത്രി സഭയിൽ വരണമെന്ന മുദ്രാവാക്യത്തോടെയാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്. ഇതോടെ ബഹളത്തിൽ മുങ്ങി സഭ മൂന്നരവരെ നിർത്തി. ചെയർമാൻ ധൻഖർ തന്റെ ചേംബറിലേക്ക് കക്ഷി നേതാക്കളെ വിളിച്ചു വരുത്തി നടത്തിയ ചർച്ച വിഫലമായതോടെ മൂന്നര മണിക്ക് ഹ്രസ്വ ചർച്ച തുടങ്ങാൻ സർക്കാർ നടത്തിയ നീക്കവും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.