കോഴിക്കോട്: ലക്ഷദ്വീപില്‍ പഞ്ചായത്തിന്‍റെ അധീനതയിലുള്ള കെട്ടിടം ദ്വീപ് ഭരണകൂടം പൊളിച്ചുമാറ്റി. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിനെ അറിയിക്കാതെയാണ് കെട്ടിടം പൊളിച്ചത്. ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന വര്‍ക്ക് ഷോപ്പ് കെട്ടിടമാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചത്.
2019 ല്‍ സര്‍ക്കാര്‍ വികസന പദ്ധതിയുടെ ഭാഗമായി കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് സ്ഥാപിച്ച കെട്ടിടമാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം രാത്രിയില്‍ പൊളിച്ചു കളഞ്ഞത്. സായുധരായ അര്‍ദ്ധ സൈനികരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കെട്ടിടം പൊളിക്കുമ്പോള്‍ കലക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, സബ് ഡിവിഷന്‍ ഓഫീസര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
2019 ല്‍ സ്വകാര്യ ഭൂമി പാട്ടത്തിനെടുത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് തുടങ്ങിയ വര്‍ക്ക് ഷോപ്പ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്പ് പഞ്ചായത്തിനെ വിവരമറിയിച്ചിരുന്നില്ലെന്ന് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വൈകിട്ട് ആറുമണിയോടെ പ്രദേശം പൊലീസിന്‍റെയും അര്‍ദ്ധ സൈനികരുടെയും നിയന്ത്രണത്തിലാക്കിയ ശേഷമാണ് ബുള്‍ഡോസറുപയോഗിച്ച് കെട്ടിടം തകര്‍ത്തത്.
പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായതിന് ശേഷം ദ്വീപില്‍ നടക്കുന്ന വിചിത്രമായ നടപടികളുടെ തുടര്‍ച്ചയായാണ് നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാപനം പൊളിച്ചു മാറ്റിയ നടപടിയെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.