കൊൽക്കത്ത: ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മുറിവുകൾ എല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണ്. ശ്വാസം തടസമാണ് വനിത ഡോക്ടറുടെ മരണകാരണം.
സ്വകാര്യ ഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിലെ സിവിൽ വോളന്റിയറായ സഞ്ജയ് റോയിയെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു.
28 വയസ്സുള്ള റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ജനരോഷം വർധിച്ചതിനെ തുടർന്ന് കൊൽക്കത്ത ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. തുടർന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വ്യാപക പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സംഭവം കാരണമായി. സുപ്രീംകോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.