ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും തമ്മില്‍ വാക്പോര് തുടരുന്നു. രണ്ടു ദിവസമായി ഇരുവരും പരസ്പരം 'ഏറ്റുമുട്ടുക'യാണ്. ബുധനാഴ്ച തമിഴിലും ഇംഗ്ലീഷിലുമായി കുറിച്ച ട്വീറ്റുകളില്‍ അണ്ണാമലൈയെ മന്ത്രി പരോക്ഷമായി പരിഹസിച്ചിരുന്നു. ''രക്തസാക്ഷികളുടെ മൃതദേഹവുമായാണ് ആ വ്യക്തി പബ്ലിസിറ്റി നേടുന്നത്. കള്ളം പറയുകയും ത്രിവര്‍ണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിയുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ പേരെടുത്ത് അഭിസംബോധന ചെയ്യാത്തത്. തമിഴ് സമൂഹത്തിന് ശാപമാണ് അദ്ദേഹം'' എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വിമർശനം.
നിങ്ങളുടെ പൂർവ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ സംഘത്തിനും ഒരു കർഷകന്‍റെ മകനെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കൂടാതെ തന്‍റെ ചെരിപ്പിന്‍റെ വില പോലും മന്ത്രിക്ക് നല്‍കുന്നില്ലെന്നും താനൊരിക്കലും അദ്ദേഹത്തിന്‍റെ നിലവാരത്തിലേക്ക് താഴില്ലെന്നും പറഞ്ഞു.
നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മോശം മാതൃക സൃഷ്ടിക്കുമെന്ന് വ്യാഴാഴ്ച വാർത്ത സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോള്‍, താനല്ല അത്തരം പരാമര്‍ശങ്ങള്‍ ആദ്യം നടത്തിയതെന്നും ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ പ്രതികരിക്കുമെന്നും അടിച്ചാല്‍ മറ്റേ കവിള്‍ കാണിക്കാന്‍ താന്‍ യേശുവല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. എന്നെ തല്ലിയാൽ ഞാൻ തിരിച്ചടിക്കും. നിങ്ങൾ ആക്രമണകാരിയാണെങ്കിൽ ഞാൻ ഇരട്ടി ആക്രമണകാരിയാകും, അണ്ണാമലൈ പറഞ്ഞു.
2019ല്‍ ഐ.പി.എസ് ജോലി ഉപേക്ഷിച്ചാണ് അണ്ണാമലൈ ബി.ജെ.പിയില്‍ ചേര്‍ന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ പിന്നീട് സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി നേതാവാണ് 38 കാരനായ അണ്ണാമലൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.