യു.എസ് സുപ്രീംകോടതിയൊന്നും അങ്ങനെ ചെയ്യില്ല -ഇന്ത്യയിലെ നിയമസംവിധാനത്തെ കുറിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഹൈകോടതികളിലെയും കീഴ്കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. അത്തരം പോപുലിസ്റ്റും കൃത്രിമത്വം നിറഞ്ഞതുമായ നടപടികൾ കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കൂടുതൽ ജഡ്ജിമാരെ ഉൾപ്പെടുത്തുകയല്ല നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് ​അഭിഭാഷകനായ അശ്വനി ഉപാധ്യായ്ക്ക് പൊതുതാൽപര്യ ഹരജി പിൻവലിക്കാതെ നിർവാഹമില്ലാതായി. നിങ്ങൾക്ക് വേണ്ടത് മികച്ച ജഡ്ജിമാരെയാണ്,അല്ലാതെ കൂടുതൽ ജഡ്ജിമാരെയല്ല-ചീഫ് ജസ്റ്റിസ് പറഞ്ഞു. അലഹബാദ് ഹൈകോടതിയിലെ 160 സീറ്റുകൾ തന്നെ നികത്താൻ ബുദ്ധിമുട്ടുകയാണ്. അപ്പോഴാണ് 320 പേരെ നിയമിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നത്.

ബോംബെ ഹൈകോടതിയിലെ സ്ഥിതി എന്താണെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? അവിടെ യാതൊരു തരത്തിലുമുള്ള അടിസ്ഥാന സൗകര്യവുമില്ലാത്തതിനാൽ ഒരു ജഡ്ജിയെ പോലും നിയമിക്കാൻ കഴിയില്ല. വിഷയം ശരിക്ക് പഠിക്കാതെ ഇത്തരത്തിലൊരു പൊതുതാൽപര്യ ഹരജി നൽകിയതിന് അഭിഭാഷകൻ വില നൽകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. ഇത്തരം ഹരജികൾ യു.എസിലെയും യു.കെയിലെയും സുപ്രീംകോടതികൾ പരിഗണിക്കുക പോലുമില്ല. നമ്മുടെ നിയമസംവിധാനം ഇങ്ങനെ ആയത് കൊണ്ടാണ് ഹരജി പരിഗണിക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The US supreme court does not says chief justice on india's legal system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.