സാനിറ്ററി പാഡ് സർക്കാർ നൽകുമോയെന്ന് വിദ്യാർഥിനി; കോണ്ടവും നൽകണോയെന്ന് വനിതാ ശിശുവകുപ്പ് അധ്യക്ഷ

പട്‌ന: പൊതുപരിപാടിക്കിടെ വിദ്യാർഥിനിയെ അധിക്ഷേപിച്ച ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 20 മുതൽ 30 രൂപ വരെ വിലക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയുമോയെന്ന ചോദ്യത്തിനാണ് ബീഹാറിലെ െഎ.എ.എസ് ഉദ്യോഗസ്ഥ വിദ്യാർഥിനിയെ അധിക്ഷേപിച്ചത്. 'ഇങ്ങനെ പോയാൽ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സർക്കാർ തരേണ്ടിവരുമോ' എന്നായിരുന്നു െഎ.എ.എസുകാരിയുടെ മറുപടി. ബിഹാർ കേഡറിലെ 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയും നിലവിൽ വനിതാ ശിശു വികസന കോർപ്പറേഷൻ സംസ്ഥാന മേധാവിയുമായ ഹർജോത് കൗർ ബംറയുടേതാണ് വിവാദ പരാമർശം.

'എന്തിനാണ് സാനിറ്ററി പാഡുകൾ മാത്രം, നിങ്ങൾക്ക് വേണമെങ്കിൽ സർക്കാർ ജീൻസും പാന്റും ഭംഗിയുള്ള ഷൂസും നൽകാം'. ഹർജോത് പരിഹസിച്ചു. വിവാഹശേഷം കുടുംബാസൂത്രണത്തിനായി സർക്കാർ നിങ്ങൾക്ക് ഗർഭനിരോധന ഗുളികകളും ഉറകളും സൗജന്യമായി നൽകാം. എന്തിനാണ് എല്ലാം സർക്കാർ തന്നെ തരണം എന്ന് വാശിപ്പിടിക്കുന്നത്. ഇൗ ചിന്ത തന്നെ തെറ്റാണ്'. അവർ കുട്ടികളോട് പറഞ്ഞു. 'പെൺകുട്ടികളെ ശാക്തീകരിക്കൂ ബീഹാറിനെ ഉന്നതിയിലെത്തിക്കൂ' എന്ന തലക്കെട്ടിൽ കൗമാരക്കാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിക്കിടെയാണ് ഹർജോത് കൗറിന്‍റെ വിവാദ പരാമർശങ്ങൾ.

യുനിസെഫിന്‍റെയും വനിതാ ശിശു വികസന കോർപ്പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരിൽ ഏറെയും ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളായിരുന്നു. ലിംഗ അസമത്വം തുടച്ചുനീക്കുന്നതിനുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നതായിരുന്നു ശിൽപശാലയുടെ ഉദ്ദേശ്യം. ഉദ്യോഗസ്ഥ പെൺകുട്ടികൾക്ക് നൽകിയ വിചിത്രമായ മറുപടികൾ ശിൽപശാലയിൽ പങ്കെടുത്ത എല്ലാവരെയും ഞെട്ടിച്ചു. ഉദ്യോഗസ്ഥയുടെ പ്രതികരണം കേട്ട് അസ്വസ്ഥയായ ഒരു വിദ്യാർഥി, ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാർ അധികാരത്തിലെത്തിയതെന്ന് ഓർമ്മിപ്പിച്ചു.

'നിങ്ങൾ വോട്ട് ചെയ്യേണ്ട. ഇവിടെ പാകിസ്താനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് സേവനങ്ങൾക്കും പണത്തിനുമാണോ' എന്നായിരുന്നു കടുത്തഭാഷയിൽ ഉദ്യോഗസ്ഥയുടെ പ്രതികരണം. ശുചിമുറികൾക്ക് വൃത്തിയില്ലെന്നും ആൺകുട്ടികൾ ചിലപ്പോഴൊക്കെ പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കാറുണ്ടെന്നും വിദ്യാർഥിനികൾ പറഞ്ഞു. നിങ്ങളുടെ വീട്ടിലൊക്കെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ടോ എന്നായിരുന്നു ഹർജോത് കൗറിന്‍റെ മറുപടി.

ഭാവിയിൽ നിങ്ങൾ എന്താവണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും അതിനായി സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സദസിലുള്ള പെൺകുട്ടികളോട് അവർ പറഞ്ഞു. ഇങ്ങനെ പറയാനാണെങ്കിൽ എന്തിനാണ് സർക്കാർ വിവിധ പദ്ധതികൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് വിദ്യാർഥികളിൽ ഒരാൾ പരിഹസിച്ചു. ബിഹാർ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കുമ്പോഴാണ് കുട്ടികളോടുളള ഉദ്യോഗസ്ഥയുടെ പ്രതികരണം.

Tags:    
News Summary - There is no end to demands, tomorrow govt will provide free contraceptives to you all’: IAS officer taunts girl on sanitary pads query

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.