ലഖ്നോ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ നല്ല ‘കോള്’ ഒത്തതിന്റെ സന്തോഷത്തിൽ മദ്യം സേവിച്ചതായിരുന്നു മോഷ്ടാവ്. എന്നാൽ, അളവ് അൽപം കൂടിപ്പോയതോടെ കക്ഷി അവിടെ തന്നെ ‘ഓഫായി’. മോഷണമുതലെല്ലാം എടുത്ത് വെച്ച് എ.സി ഓണാക്കി കുറച്ച് സമയം മയങ്ങാമെന്ന് കരുതിയാണ് കിടന്നതെങ്കിലും ലഹരിമൂത്തതോടെ വിചാരിച്ചത് പോലെ ഉണരാൻ കഴിഞ്ഞില്ല. രാവിലെ വിളിച്ചുണർത്തിയതാകട്ടെ, മോഷണവിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം!
ലഖ്‌നോ ഗാസിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നഗർ സെക്ടർ -20 ലാണ് സംഭവം. ബൽറാംപൂർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെയുടെ വസതിയിൽ കയറിയ കപിൽ എന്ന കള്ളനാണ് കൈയോടെ പിടിയിലായത്.
ഡോക്ടറും കുടുംബവും ഇപ്പോൾ വാരാണസിയിലാണ് താമസം. പൂട്ടിയിട്ട വീട് രാവിലെ കുത്തിത്തുറന്ന നിലയിൽ കണ്ട് അയൽവാസികൾക്ക് സംശയം തോന്നുകയായിരുന്നു. വാതിൽ വിടവിലൂടെ എത്തിനോക്കിയപ്പോൾ വീട്ടിനുള്ളിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടു. ഉടൻ
ഗാസിപൂർ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി അകത്ത് കടന്നപ്പോഴാണ് കള്ളൻ ഉറങ്ങുന്നത് കണ്ടത്. കപിലിനെ ഐപിസി 379 എ പ്രകാരം അറസ്റ്റ് ചെയ്തു.
അലമാര തകർത്ത് പണമുൾപ്പെടെയുള്ളതെല്ലാം എടുത്ത കള്ളൻ വാഷ്‌ബേസിൻ, ഗ്യാസ് സിലിണ്ടർ, വാട്ടർ പമ്പ് എന്നിവയും മോഷ്ടിക്കാനായി എടുത്തുവെച്ചിരുന്നുവെന്ന് ഗാസിപൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ വികാസ് റായ് പറഞ്ഞു. ഇൻവെർട്ടർ ബാറ്ററി ഇളക്കി എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഉറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.