തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം; കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ബി.എസ്.പി നേതാവ് കെ.ആംസ്ട്രോങ് വധക്കേസിലെ പ്രതിയാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ​ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

തെളിവെടുപ്പിനായി തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ എസ്.ഐയെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ തിരുവെങ്കടം മരിച്ചുവെന്ന് മുതിർന്ന ​പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂലൈ അഞ്ചാം തീയതിയാണ് 48കാരനായ ബി.എസ്.പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നത്. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ ചെന്നൈ കോർപറേഷൻ കൗൺസിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

കൊലപാതകത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാറിനെ വിമർശിച്ച് ബി.എസ്.പി രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതിനിടെ കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് 11ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Thiruvengadam, involved in Armstrong murder, killed in police encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.