കൊച്ചി: ലക്ഷദ്വീപിലെ കോടികൾ വിലമതിക്കുന്ന പണ്ടാരഭൂമി നഷ്ടപരിഹാരമില്ലാതെ പിടിച്ചെടുക്കാൻ നീക്കവുമായി ദ്വീപ് ഭരണകൂടം. ടൂറിസം പദ്ധതിക്കെന്ന പേരിൽ സുഹേലി ചെറിയകര, ചെറിയം, തിലാക്കം, പിട്ടി, തിന്നക്കര, പരളി, ബംഗാരം ദ്വീപുകൾ കേന്ദ്രീകരിച്ചാണ് നടപടി വരുന്നത്. ഭൂവുടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് ഏറ്റെടുക്കലെന്ന് ദ്വീപ് നിവാസികൾ ആരോപിക്കുന്നു. ദ്വീപിലെ ആദായത്തിന് മാത്രം തുച്ഛവില നിശ്ചയിച്ചാണ് പിടിച്ചെടുക്കലെന്നും അവർ പറയുന്നു.
സുഹേലി ചെറിയകര, തിലാക്കം, ബംഗാരം തിന്നക്കര, പരളി എന്നിവിടങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി. ഇതിൽ സുഹേലി ചെറിയകര, തിലാക്കം എന്നിവിടങ്ങളിലെ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. ബംഗാരം, തിന്നക്കര എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് പോകുകയാണ് ജനങ്ങൾ. ദ്വീപിലെ ആകെയുള്ള 1999.958 ഹെക്ടറിൽ 989 ഹെക്ടറാണ് പണ്ടാര ഭൂമിയെന്നാണ് ഔദ്യോഗിക രേഖകൾ. ഇത് 19,522 പേരുടെ കൈവശമാണുള്ളത്.
കെട്ടിടങ്ങൾ നിർമിക്കാൻ സർക്കാർ പണ്ടാര ഭൂമി ഏറ്റെടുത്ത ഘട്ടങ്ങളിലൊക്കെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നു. കൈവശാവകാശം നൽകാൻ 2020 ഫെബ്രുവരി 26ന് ചേർന്ന കേന്ദ്ര മന്ത്രിസഭയും തീരുമാനിച്ചു. ഇതിനുവേണ്ടി ലാൻഡ് ടെനൻസി റെഗുലേഷനിൽ ഭേദഗതി വരുത്തിയെങ്കിലും 2023 ഒക്ടോബർ 25ന് ഇത് ഒഴിവാക്കപ്പെട്ടത് പണ്ടാരഭൂമി കൈവശം വെച്ചിട്ടുള്ളവരുടെ താൽപര്യത്തിനും സംരക്ഷണത്തിനുമെതിരാണെന്ന് ലക്ഷദ്വീപിലെ സാമൂഹിക പ്രവർത്തകനും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉപദേശക സമിതി അംഗവുമായ എ. മിസ്ബാഹ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അവകാശങ്ങൾ നിഷേധിച്ച് പട്ടികവർഗക്കാരല്ലാത്ത വൻകിട വ്യവസായികൾക്ക് ദ്വീപുകാരുടെ ഭൂമി വിട്ടുനൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് പട്ടികവർഗ സംരക്ഷണ നിയമങ്ങൾക്കും ഭരണഘടനക്കുമെതിരാണെന്നും അദ്ദേഹം പറഞ്ഞു.
700കളിൽ രാജാവ് വരുമാനത്തിനായി ഏറ്റെടുത്ത്, 1890കളിൽ ജനങ്ങൾക്ക് തിരികെ കൃഷി ആവശ്യത്തിനായി നൽകിയ സ്ഥലങ്ങളാണ് പണ്ടാര ഭൂമി. കഴിഞ്ഞ 100 വർഷത്തിലധികമായി കവരത്തി, കൽപേനി, അഗത്തി ദ്വീപുകാർ തലമുറകളായി കൃഷിചെയ്ത് ഉപയോഗിച്ചുവരുകയാണിവിടം. പണ്ടാരഭൂമിക്ക് കൈവശാവകാശം നൽകണമെന്ന് 1965ലെ ലാൻഡ് ടെനൻസി റെഗുലേഷൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനുവേണ്ടി കേന്ദ്രസർക്കാർ പലവട്ടം നിർദേശിച്ചിരുന്നെങ്കിലും മിനിക്കോയിയിലൊഴികെ മറ്റൊരിടത്തും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.