ബംഗളൂരു: ശിരോവസ്ത്ര വിഷയത്തിൽ സ്വകാര്യ കോളജ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ കുന്ദാപുര പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ സ്വദേശിയായ കുന്ദാപുരയിൽ താമസിക്കുന്ന മുഹമ്മദ് ഷബീർ (32) ആണ് പിടിയിലായത്.
ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സ്വകാര്യ പി.യു കോളജിലെ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ശിരോവസ്ത്രം ധരിച്ച് വിദ്യാർഥികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നായിരുന്നു ഭീഷണി. പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നാണ് കുന്ദാപുര പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ശിവമൊഗ്ഗയിൽ ശിരോവസ്ത്രം ധരിച്ചെത്തിയ 43 വിദ്യാർഥികളെ അധികൃതർ തടഞ്ഞു. ഇതോടെ ഇവർ ക്ലാസുകളിൽ കയറിയില്ല. ഇതിൽ പത്തു പേർക്ക് രണ്ടാം വർഷ പി.യു പ്രാക്ടിക്കൽ പരീക്ഷയിലും പങ്കെടുക്കാനായില്ല.
ഭദ്രാവതി ന്യൂടൺ വനിത കോളജിലെ 15 വിദ്യാർഥികളെയും ശിരലകൊപ്പയിലെ വനിത പി.യു കോളജിലെ 28 വിദ്യാർഥികളെയുമാണ് ശിരോവസ്ത്രത്തിന്റെ പേരിൽ ക്ലാസിൽ പ്രവേശിപ്പിക്കാതെ തടഞ്ഞത്. ഇവരിൽ സയൻസ് വിഭാഗത്തിൽ ഉൾപ്പെട്ട പത്തുപേർക്കാണ് പ്രാക്ടിക്കൽ പരീക്ഷ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.