ഇംഫാൽ: കലാപം അവസാനിക്കാത്ത മണിപ്പൂരിൽ തലസ്ഥാന നഗരമായ ഇംഫാലിൽ വീണ്ടും സംഘർഷാവസ്ഥ. ഞായറാഴ്ച വൈകീട്ടോടെ മൂന്ന് വീടുകൾക്ക് തീവെച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്. മേഖലയിൽ ജാഗ്രത തുടരുകയാണ്.
ന്യൂ ലംബുലെയ്ൻ മേഖലയിൽ സംഘർഷത്തെ തുടർന്ന് ആളുകൾ ഒഴിഞ്ഞുപോയ മൂന്ന് വീടുകൾക്കാണ് ഇന്ന് വൈകീട്ടോടെ ഒരു സംഘം തീവെച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ആളുകൾ പ്രതിഷേധിക്കുകയും കേന്ദ്ര സേനയെ വിന്യസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒഴിഞ്ഞുപോയ വീടുകളുള്ള മേഖലയിൽ തങ്ങളെ കടക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചാണ് സ്ഥലത്തുനിന്ന് ആളുകളെ മാറ്റിയത്.
മറ്റൊരു സംഭവത്തിൽ ഇന്നലെ രാത്രി സുരക്ഷാ സൈനികരുടെ കൈയിൽ നിന്ന് ഒരു സംഘം ആയുധങ്ങൾ തട്ടിയെടുത്തു. ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡയറക്ടർ കെ. റജോയുടെ ഇംഫാൽ വെസ്റ്റിലെ വീടിനു മുന്നിൽ കാവൽ നിൽക്കുകയായിരുന്ന സൈനികരുടെ ആയുധങ്ങൾ അർധരാത്രിയിൽ തട്ടിയെടുക്കുകയായിരുന്നു. രണ്ട് എ.കെ 47 തോക്കുകൾ ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.