ബങ്ക: പ്രതിഷേധങ്ങളും ബോധവത്കരണങ്ങളും പൂർവാധികം ശക്തിപ്പെട്ടിട്ടും രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതിയില്ല. ഇത്തവണ ബിഹാറിലെ ബങ്ക ജില്ലയിൽനിന്നാണ് ഞെട്ടിക്കുന്ന വാർത്ത. കരാദ ഗ്രാമത്തിൽ പ്രായപൂർത്തിയാവാത്ത മൂന്നു സഹോദരിമാരെ വീട്ടിനകത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 10 മുതൽ 16 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗ കൊലയാണെന്ന് സംശയിക്കുന്നുവെന്നും ആയുധമുപയോഗിച്ച് ഇവരുടെ കഴുത്തിൽ മുറിവേൽപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വീട്ടിൽ ദരിദ്ര സാഹചര്യമായതിനാൽ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല.
മാതാപിതാക്കൾ പുറത്തായിരുന്ന സമയത്ത് പെൺകുട്ടികൾ മാത്രം വീട്ടിൽ ഉള്ളപ്പോഴാണ് ക്രൂരകൃത്യം. പശ്ചിമബംഗാളിൽ കൂലിത്തൊഴിലാളിയാണ് പിതാവ് . ചൊവ്വാഴ്ച രാവിലെ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിൽ ആയിരുന്നു. അയൽവാസികൾ പൂട്ടു തകർത്ത് വീട്ടിനുള്ളിൽ കടന്നപ്പോഴാണ് നടുക്കുന്ന രംഗം കണ്ടത്. സംഭവത്തിൽ സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയതായും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബിഹാർ പൊലീസ് ആസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട് അനുസരിച്ച് 2017 മുതൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ മുൻവർഷങ്ങളേക്കാൾ 14.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കൊല, കൊള്ള, ബലാത്സംഗം തുടങ്ങി 52,364 വൻ കുറ്റകൃത്യങ്ങളാണ് 2016ൽ അരങ്ങേറിയതെങ്കിൽ 2017ൽ ഇത് 59,898 ആയി ഉയർന്നു. 2018െൻറ ആദ്യ രണ്ടുമാസം മാത്രം ഇത്തരത്തിലുള്ള 35,522 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് പൊലീസ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.