കൊൽക്കത്ത: കേന്ദ്ര സർക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും യോജിച്ച പോരാട്ടത്തിനായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും കൈകോർക്കുന്നു. പ്രതിപക്ഷ നേതാക്കളെ കാണാനായി മമത ന്യൂഡൽഹിയിലെത്താനിരിക്കേ തൃണമൂൽ കോൺഗ്രസ് വക്താവ് ഡെറിക് ഒബ്രയാൻ കോൺഗ്രസ് ട്വീറ്റ് ഷെയർ ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്.
പെഗസസ് ചാര സോഫ്റ്റ് വെയറിന് ഇരയായ തൃണമൂൽ നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ പിന്തുണച്ചുള്ള കോൺഗ്രസ് ഔദ്യോഗിക പേജിലെ ട്വീറ്റാണ് ഡെറിക് ഒബ്രയാൻ ഷെയർ ചെയ്തത്. തൃണമൂലുമായി ഇതിനോടകം തന്നെ കൈകോർത്തതായി ബംഗാൾ കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ദീപ്തിമൻ ഘോഷ് പ്രതികരിച്ചു.
നേരത്തേ തൃണമൂലുമായി ലോക്സഭയിൽ കൈകോർക്കുന്നതിനായി കോൺഗ്രസ് ലോക്സഭ നേതാവായ അധീർ രഞ്ജൻ ചൗധരിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകളുണ്ടായിരുന്നു. ബംഗാളിലെ ബഹറംപൂർ ലോക്സഭ എം.പിയായ അധീർ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാൾ സർക്കാറിനെതിരെയും നിരന്തരം വെടിയുതിർക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോർക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതുവഴി പാർലമെന്‍റിൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂൽ പിന്തുണ ലഭിക്കുമെന്നും കോൺഗ്രസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.