ന്യൂഡൽഹി: കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ എത്തിയ സുസ്മിത ദേവ് അസമിൽ പാർട്ടിയെ നയിച്ചേക്കും. പൗരത്വ പ്രക്ഷോഭ നേതാവും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പാർട്ടി നേതൃ സ്ഥാനം നിരസിച്ചതോടെയാണ് സുസ്മിതക്ക് അവസരം ലഭിക്കുകയെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെയാണ് സുസ്മിത ദേവ് കോൺഗ്രസ് വിട്ടത്. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുകയും ചെയ്തു. വൈകിട്ടോടെ താൻ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അസമിൽ കോൺഗ്രസിെൻറ മുഖങ്ങളിലൊന്നായ സുസ്മിത ദേവ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് എഴുതിയതിനു തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലെത്തി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. രാജിക്ക് കാരണമൊന്നും കത്തിൽ പറഞ്ഞിട്ടില്ല.
നേരത്തേ രജ്ദോർ ദൾ സ്ഥാപകൻ ഗൊഗോയ്യും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അസമിൽ പാർട്ടിയെ നയിക്കാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ മമതയുടെ ക്ഷണം ഗൊഗോയ് നിരസിക്കുകയായിരുന്നു.
സുസ്മിതയുടെ നീക്കത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച കോൺഗ്രസ് നേതാക്കൾ, അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന വിശദീകരണമാണ് നൽകുന്നത്. 48കാരിയായ സുസ്മിത പ്രമുഖ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിെൻറ മകളാണ്. അസമിൽനിന്ന് അഞ്ചുവട്ടവും ത്രിപുരയിൽനിന്ന് രണ്ടു തവണയും ലോക്സഭാംഗമായിരുന്നു സന്തോഷ് മോഹൻദേവ്.
രാജിക്കത്തിൽ കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും അസം നിയമസഭ തെരഞ്ഞെടുപ്പു മുതൽ സുസ്മിത കോൺഗ്രസ് നേതൃത്വവുമായി ചേർച്ചയിലായിരുന്നില്ല. അസമിൽ എ.ഐ.യു.ഡി.എഫുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പ്രധാന കാരണം. സീറ്റ് ചർച്ചകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ബറാക് താഴ്വരയിൽ കോൺഗ്രസിനെയും പാർട്ടിയിലെ മുസ്ലിം നേതാക്കളെയും ദുർബലപ്പെടുത്തുന്നതാണ് സഖ്യമെന്ന് സുസ്മിത കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന കാഴ്ചപ്പാടുള്ള അസമിലെ കോൺഗ്രസുകാർക്കൊപ്പമായിരുന്നു സുസ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.