കൊൽക്കത്ത: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ കാടിളക്കിയ പ്രചാരണവും കേന്ദ്ര നേതാക്കളുടെ തിരയിളക്കവും കണ്ട് ബി.ജെ.പി അധികാരത്തിലേക്കെന്ന് തോന്നിച്ചതിനൊടുവിൽ ഒന്നുമല്ലാതെ അരികിലായപ്പോൾ ശരിക്കും വടിപിടിച്ച് കുറെപേർ. അടുത്ത മന്ത്രിസഭയിൽ ഇടമുറപ്പിച്ച് തൃണമൂലിൽനിന്ന് കണ്ടംചാടി ഭാരതീയ ജനത പാർട്ടിയിലെത്തിയവരാണ് ഉള്ളതും കളഞ്ഞ് പെരുവഴിയിൽ നോക്കുകുത്തികളായത്. പരമാവധി വേഗത്തിൽ പഴയ തട്ടകത്തിൽ തിരികെയെത്താൻ ഇവർ ശ്രമം ഊർജിതമാക്കിയതായാണ് റിപ്പോർട്ടുകൾ.
മുൻ തൃണമൂൽ എം.എൽ.എമാരും പാർട്ടി നേതാക്കളുമാണ് ഇതിനകം തിരികെ പഴയ പാളയത്തിൽ ഇടമുറപ്പിക്കാൻ നീക്കം ശക്തമാക്കിയത്. ഇതിെൻറ ഭാഗമായി ചെയ്ത തെറ്റുകൾക്ക് മാപ്പുചോദിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കത്തെഴുതിയവർ അനവധി. മൊത്തം മൂന്നു എം.എൽ.എമാരുൾപെടെ 10 നേതാക്കൾ മടങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. ഇവർക്ക് പക്ഷേ, മടക്ക ടിക്കറ്റ് നൽകാൻ മമത ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
ഹബീബ്പൂരിൽ തൃണമൂൽ സ്ഥാനാർഥി പട്ടികയിലിരിക്കെ കൂറുമാറി ബി.ജെ.പി പാളയത്തിലെത്തി എല്ലാം കൈവിട്ട സരള മുർമു ഞായറാഴ്ചയാണ് പഴയ പാർട്ടി തന്നെ മതിയെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. മറ്റൊരു മുൻ എം.എൽ.എ അമൽ ആചാര്യയും തെറ്റായ തീരുമാനമായിരുന്നുവെന്ന് കുമ്പസരിച്ച് തൃണമൂൽ മടക്കം അറിയിച്ചു. നാലുവട്ടം തൃണമൂൽ ബാനറിൽ ജനം സഭയിലെത്തിച്ച സോണാലി ഗുഹ സമൂഹ മാധ്യമം വഴിയാണ് ചെയ്ത അപരാധങ്ങൾ ക്ക് പൊറുക്കൽ ആവശ്യപ്പെടുന്നത്. എന്നാൽ, ഇവരെ ആറുമാസം കഴിഞ്ഞേ അംഗത്വം നൽകി തിരികെയെടുക്കാവൂ എന്നാണ് സുഗത റോയ് ഉൾപെടെ നേതാക്കളുടെ നിലപാട്.
അന്ന് ബി.ജെ.പിയിലെത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇവരൊക്കെ മടങ്ങുന്നതെന്നും യഥാർഥത്തിൽ പാർട്ടിയുടെയല്ല, അവരുടെ തെറ്റാണിതെന്നും ബി.ജെ.പി ബംഗാൾ ഘടകം പ്രസിഡൻറ് ദിലീപ് ഘോഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.