തമിഴ്നാട് പിന്തുടരുന്നത് എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ദ്രാവിഡ സംസ്കാരം -സ്റ്റാലിൻ

ചെന്നൈ: ജാതി മത ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യ അവകാശവും, തുല്യ വികസനവും ഉറപ്പാക്കുന്ന ദ്രാവിഡ സംസ്കാരമാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നഗര തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് കോടിയോളം വിലവരുന്ന 180 ഏക്കർ കൈയ്യേറ്റ ഭൂമി തിരിച്ചെടുത്തതും, ക്ഷേത്ര പരിപാലനത്തിനായി പണം കൈമാറിയതും പാർട്ടി ഹിന്ദു വിരുദ്ധമല്ല എന്ന് വ്യക്തമാക്കുന്നതാണ്. മതത്തെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നവർക്ക് ദഹിക്കാത്ത കാര്യമാണിത്. തമിഴ്നാട്ടിൽ ജാതി രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് മുമ്പിൽ ജനങ്ങൾ ഐക്യത്തോടെ നിൽക്കുന്നത് അത്തരക്കാർക്ക് വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിക്കാലത്തും സാമൂഹ്യനീതിക്കും മതനിരപേക്ഷതക്കും വേണ്ടി പ്രവർത്തിച്ച സർക്കാരിനെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണുണ്ടായത്. ജി.എസ്.ടി തുകയായ 16,725 കോടി തിരിച്ചടക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് പ്രഖ്യാപിച്ച കോവിഡ് ദുരിതാശ്വാസ തുകയായ 8,988 കോടി രൂപ ഇതുവരെയും തമിഴ്നാടിന് ലഭിച്ചിട്ടില്ല. മാത്രമല്ല കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് യാതൊരു സബ്സിഡിയും കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പകരം ഡയമണ്ടിനുള്ള ടാക്സുകൾ വെട്ടിക്കുറച്ചു. നീറ്റ് പരീക്ഷ ഇതിന്‍റെയെല്ലാം തുടർച്ച മാത്രമാണ്. ഉയർന്ന തുക ചിലവഴിച്ച് പഠിക്കാൻ സാധിക്കുന്നവർക്ക് മാത്രം നീറ്റ് പഠിക്കാമെന്നത് സാധാരണക്കാരായ കുട്ടികളുടെ അവസരങ്ങൾ നിഷേധിക്കലാണെന്നും ഇത് നീതിയാണോ എന്നും സ്റ്റാലിൻ ചോദിച്ചു.

നിയമസഭ പാസ്സാക്കിയ ബില്ല് സംസ്ഥാന ഗവർണർ തിരിച്ചയക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്. മറ്റ് സർക്കാറുകളെ പോലെ ഭീഷണികൾക്കു മുൻപിൽ ഡി.എം.കെ മുട്ടുമടക്കില്ല. അവകാശങ്ങൾ സർക്കാർ വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരി 19നാണ് സംസ്ഥാനത്തെ നഗര തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. പത്ത് വർഷങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്. 21 കോർപ്പറേഷൻ, 138 മുൻസിപ്പാലിറ്റി, 490 ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 2011ലാണ്അവസാനമായി സംസ്ഥാനത്ത് നഗര തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.

Tags:    
News Summary - TN govt follows Dravidian model; equal development, equal opportunity for all: MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.