ലഖ്നോ: ഉത്തർപ്രദേശ് മുൻ എം.എൽ.എയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട മുൻ ബി.ജെ.പി എം.എൽ.എ കൃഷ്ണാനന്ദ് റായിയുടെ കുടുംബം. ഇത് ദൈവാനുഗ്രഹമാണെന്നും ഇന്ന് ഞങ്ങൾക്ക് നീതി ലഭിച്ചിരിക്കുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ അൽക റായ് പ്രതികരിച്ചു. റായിയുടെ കൊലപാതകത്തിന് ശേഷം ഞങ്ങൾ ഹോളി ആഘോഷിച്ചിട്ടില്ലെന്നും ഇന്ന് ഞങ്ങൾക്ക് ഹോളിയാണെന്നും അവർ കൂട്ടിച്ചേർത്തു.
‘ഇത് ദൈവാനുഗ്രഹമാണ്. നീതിക്കായി ഞാൻ അവനോട് പ്രാർഥിക്കാറുണ്ടായിരുന്നു, ഇന്ന് നീതി ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം ഞങ്ങൾ ഹോളി ആഘോഷിച്ചിട്ടില്ല. ഇന്ന് ഞങ്ങൾക്ക് ഹോളിയാണ്’ -കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക റായ് പ്രതികരിച്ചു. എനിക്കും എന്റെ അമ്മക്കും ബാബ വിശ്വനാഥിന്റെയും ബാബ ഗോരഖ്നാഥിന്റെയും അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്നായിരുന്നു മകൻ പിയൂഷ് റായിയുടെ പ്രതികരണം.
2005 നവംബർ 29ന് ഒരു ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെടുന്നത്. ഇടുങ്ങിയ പാലത്തിൽ പതിയിരുന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നിൽ മുക്താർ അൻസാരിയും സഹോദരൻ അഫ്സൽ അൻസാരിയും ആണെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ശത്രുതയിലായിരുന്നെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. അൻസാരി സഹോദരന്മാരുടെ ഉറ്റ സുഹൃത്ത് പ്രേം പ്രകാശ് സിങ് എന്ന മുന്ന ബജ്റംഗിയും കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. 2023 ഏപ്രിലിൽ വിധിപറഞ്ഞ കോടതി മുക്താർ അൻസാരിക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
ബന്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന അൻസാരിയെ ഛർദിയെത്തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ബന്ദ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അൻസാരിക്ക് ജയിലിൽവെച്ച് വിഷം നൽകിയതാണെന്നാണ് മകൻ ഉമർ അൻസാരിയുടെ ആരോപണം. ചൊവ്വാഴ്ച വയറുവേദനയെത്തുടർന്ന് മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇതേ ആരോപണവുമായി സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്സൽ അൻസാരിയും രംഗത്തെത്തിയിരുന്നു. ജയിൽ ഭക്ഷണത്തിൽ കുറഞ്ഞ അളവിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
തനിക്ക് ഭക്ഷണത്തോടൊപ്പം വിഷ പദാർഥം നൽകിയെന്നും മാർച്ച് 19ന് ഭക്ഷണം കഴിച്ച ശേഷം ഞരമ്പുകളും കൈകാലുകളും വേദനിക്കാൻ തുടങ്ങിയെന്നും അൻസാരി മാർച്ച് 20ന് വിഡിയോ കോൺഫറൻസിലൂടെ വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നു. എന്നാൽ, വിഷം നൽകിയെന്ന ആരോപണം അധികൃതർ നിഷേധിച്ചു. അൻസാരിയുടെ പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച ബന്ദയിൽ നടക്കുമെന്നും അത് വിഡിയോയിൽ പകർത്തുമെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ആന്തരികാവയവങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
മൗ സദാർ സീറ്റിൽനിന്ന് അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അൻസാരി രണ്ടുതവണ ബി.എസ്.പി ടിക്കറ്റിലാണ് ജയിച്ചുകയറിയത്. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട അൻസാരി 2005ലാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്.
1996ൽ ബി.എസ്.പി ടിക്കറ്റിലാണ് മുഖ്താർ ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 2007ൽ ബി.എസ്.പിയിൽ തിരിച്ചെത്തി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2010ൽ ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ക്വാമി ഏകതാ ദൾ എന്ന സ്വന്തം പാർട്ടി രൂപവത്കരിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൗ മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ലാണ് അവസാനം മത്സരരംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.