ആർ.എസ്.എസിൽ ചേരാൻ വിലക്ക്:സർക്കാർ തെറ്റ് മനസ്സിലാക്കാൻ വൈകിയെന്ന് മധ്യപ്രദേശ് ഹൈകോടതി

ഇന്ദോർ: സർക്കാർ ഉദ്യോഗസ്ഥർ ആർ.എസ്.എസിൽ ചേരുന്നത് വിലക്കിയതിലെ തെറ്റ് മനസ്സിലാക്കാൻ കേന്ദ്ര സർക്കാർ അഞ്ച് പതിറ്റാണ്ട് എടുത്തെന്ന് മധ്യപ്രദേശ് ഹൈകോടതി. ആർ.എസ്.എസ് പോലെ അന്തർദേശീയ പ്രശസ്തിയുള്ള സംഘടനയെ നിരോധിത സംഘടനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ തെറ്റായ തീരുമാനം തിരുത്തുന്നത് പ്രധാനമാണെന്ന് ജസ്റ്റിസ് ശുശ്രുത അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

സർക്കാർ ജീവനക്കാർ ആർ.എസ്.എസിൽ പ്രവർത്തിക്കുന്നത് തടയുന്ന കേന്ദ്ര സിവിൽ സർവിസ് ചട്ടം ചോദ്യം ചെയ്ത് മുൻ കേന്ദ്ര സർക്കാർ ജീവനക്കാരൻ പുരുഷോത്തം ഗുപ്ത സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കുവഹിക്കാനുള്ള വിലക്ക് നീക്കിയ ജൂലൈ ഒമ്പതിലെ ഉത്തരവ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം പേജിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും കോടതി നിർദേശിച്ചു.

സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകുന്നതിനുള്ള 58 വർഷം പഴക്കമുള്ള വിലക്കാണ് മോദി സർക്കാർ നീക്കിയത്. 1966ൽ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് ജൂലൈ ഒമ്പതിന് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിലൂടെ പിൻവലിച്ചത്.

വിലക്ക് നീക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ ഉത്തരവ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നത്. ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സർദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിനു മേല്‍ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷവും നാഗ്പൂരില്‍ ആര്‍.എസ്.എസ് പതാക പറത്തിയിട്ടില്ലെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു.

Tags:    
News Summary - Took Centre 5 decades to realise ‘mistake’ of placing RSS in ‘ban list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.