പുണെ പോർഷെ അപകടം: 900 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മുംബൈ: പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 900ത്തിലേറെ പേജുള്ള കുറ്റപത്രം പുണെ ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്. കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഐ.ടി മേഖലയിൽ ജോലിചെയ്യുന്നവരാണ്. മേയ് 19ന് പുലർച്ചെ 3.15ന് പുണെ കല്യാണി നഗറിലാണ് സംഭവം.

പോർഷെ കാർ ഓടിച്ചിരുന്ന 17കാര​​നെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ കാറോടിച്ച കൗമാരക്കാരന്റെ മാതാപിതാക്കൾക്കെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. നിസാര വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കു നേരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

12ാം ക്ലാസ് വിജയിച്ചത് ആഘോഷിച്ച് മടങ്ങുകയായിരുന്നു കൗമാരക്കാരൻ. പബ്ബിലായിരുന്നു ആഘോഷം. മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കാറുമായി ഇറങ്ങിയതെന്നാണ് നിഗമനം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മനുഷ്യ ജീവൻ അപകടപ്പെടുത്തൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം യെർവാഡ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. 

Tags:    
News Summary - Pune Cops File Over 900-Page Chargesheet In Porsche Crash Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.