അനധികൃത ഖനനം തടയാനെത്തിയ ഡി.എസ്.പിയെ ട്രക് കയറ്റിക്കൊന്നു

ഗുരുഗ്രാം: പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ (ഡി.എസ്.പി) വാഹനം കയറ്റിക്കൊന്ന് ഹരിയാനയിലെ അനധികൃത ഖനന മാഫിയയുടെ കൊടും ക്രൂരത. നിയമവിരുദ്ധമായി ഖനനം ചെയ്തെടുത്ത കല്ല് കയറ്റി വന്ന ട്രക്ക് തടഞ്ഞ ഡി.എസ്.പി സുരേന്ദ്ര സിങ് ബിഷ്‍ണോയിയെ ആണ് അതേ വാഹനം കയറ്റിക്കൊന്നത്. നൂഹ് ജില്ലയിലെ അരാവല്ലി മലനിരകൾക്കടുത്തുള്ള പച്ച്ഗാവ് ഗ്രാമത്തിലാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥനുമേൽ ട്രക് കയറ്റിയെന്ന് കരുതുന്ന ഡ്രൈവറെ പൊലീസ് പിന്നീട് വെടിവെച്ച് പിടികൂടി.

തൗരു ഡി.എസ്.പിയായ ബിഷ്‍ണോയി പൊലീസ് സംഘത്തോടൊപ്പമാണ് ചൊവ്വാഴ്ച പകൽ 11.50ന് അനധികൃത ഖനനം നടക്കുന്ന സ്ഥലത്തെത്തിയത്. പൊലീസ് സംഘത്തെ കണ്ടപ്പോൾ ചിലർ ഓടിരക്ഷപ്പെട്ടു. അതിനിടെ കല്ല് കയറ്റിവന്ന ട്രക് ഡി.എസ്.പി ​കൈകാണിച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് ഡ്രൈവർ വാഹനം നിർത്താതെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടുപോയത്. മറ്റ് പൊലീസുകാർ ഓടി മാറിയെങ്കിലും ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

ഡി.എസ്.പിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെടിയേറ്റ ഡ്രൈവറും ആശുപത്രിയിലാണ്. അനധികൃത കല്ല് ഖനനം സംബന്ധിച്ച് വ്യാപക പരാതി ഉയരുന്ന സ്ഥലമാണ് ഹരിയാനയിലെ നൂഹ്. പൊലീസും ഖനന മാഫിയയും തമ്മിൽ ഇവിടെ സംഘർഷം പതിവാണെന്നും പൊലീസ് പറഞ്ഞു. 1994ൽ അസിസ്റ്റന്റ് സബ് ഇൻസ്​പെക്ടറായി ജോലിയിൽ പ്രവേശിച്ച ബിഷ്‍ണോയി വിരമിക്കാൻ ഏതാനും മാസങ്ങളേ ഉണ്ടായിരുന്നുള്ളു. ഹിസാർ ജില്ലയിലെ സാരംഗ്പുർ ഗ്രാമവാസിയാണ്. കുടുംബത്തോടൊപ്പം കുരുക്ഷേത്രയിലാണ് താമസം.

Tags:    
News Summary - Top police officer run over by mining mafia in Mewat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.