ന്യൂഡൽഹി: ആത്മീയ ടൂറിസം ത്വരിതപ്പെടുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുമെന്നും ഇടക്കാല ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ബ്രാൻഡിങും വിപണനവും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ റേറ്റിങ്ങിനായുള്ള ചട്ടക്കൂട് സ്ഥാപിക്കും. ടൂറിസം വികസനത്തിന് ധനസഹായം നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശരഹിത വായ്പകൾ നൽകും. ആഭ്യന്തര ടൂറിസം, തുറമുഖ കണക്ടിവിറ്റി എന്നിവക്കുള്ള പദ്ധതികൾ കൊണ്ടുവരുമെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
മുൻകാലങ്ങളിൽ നൽകിയ 1.11 കോടി നികുതി കുടിശ്ശിക നോട്ടീസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. 3,500 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് ഒഴിവാക്കുന്നത്. ചെറുകിട നികുതിദായകരുടെ ദുരിതം ഇല്ലാതാക്കുന്നതിനാണ് നടപടിയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു.
വരുമാനം, സമ്പത്ത്, സമ്മാന നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കുടിശ്ശിക പിടിക്കാനാണ് നോട്ടീസുകൾ അയച്ചിട്ടുള്ളത്. ഇതിൽ ചിലത് 1962 വരെ പഴക്കമുള്ളതാണ്. ആകെ, 35 ലക്ഷം കോടി രൂപയുടെ 2.68 നികുതി കുടിശ്ശിക നോട്ടീസുകളാണ് വിവിധ തലങ്ങളിൽ തർക്കത്തിലുള്ളത്.
ഇതിൽ 2.1 കോടി കുടിശ്ശികകൾ 25,000 രൂപയിൽ താഴെയുള്ളവയാണ്. 2010 മാർച്ച് 31 വരെ 25,000 രൂപ നികുതി കുടിശിക ഉണ്ടായിരുന്നവർ ഈ തുക അടക്കേണ്ടതില്ല. 2011-15 സാമ്പത്തിക വർഷങ്ങളിലെ 10,000 രൂപ വരെയുള്ള നികുതി കുടിശികയും വേണ്ടെന്നു വെച്ചു.
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതക്കുമായി അടുത്ത സാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ നീക്കിവെച്ചത് റെക്കോഡ് തുക. 73,008.10 കോടി രൂപയാണ് ഈ ഇനത്തിൽ വകയിരുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിലെ പുതുക്കിയ വിഹിതം 72,473.80 കോടി രൂപയാണ്. നിലവിലുള്ള സർക്കാർ സ്കൂളുകൾ മോഡൽ സ്കൂളുകളായി വികസിപ്പിക്കുന്നതിനുള്ള പി.എം ശ്രീ പദ്ധതിയുടെ വിഹിതം നടപ്പ് സാമ്പത്തിക വർഷത്തെ 2,800 കോടി രൂപയിൽനിന്ന് 6,050 കോടി രൂപയായി വർധിച്ചു. 3250 കോടി രൂപയുടെ വർധനയാണുണ്ടായത്. സമഗ്രശിക്ഷ അഭിയാൻ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവക്കുള്ള വിഹിതവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.