ന്യൂഡല്‍ഹി: കല്‍ക്കരി കള്ളക്കടത്ത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയെയും ഭാര്യ രുജിര ബാനര്‍ജിയെയും ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ചു.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനര്‍ജി സെപ്റ്റംബര്‍ ആറിനും ഭാര്യ സെപ്റ്റംബര്‍ ഒന്നിനും ഡല്‍ഹിയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.
ബംഗാള്‍ പൊലീസിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും ഹാജരാകാൻ നിർദേശമുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്ക്കരിപ്പാടങ്ങളിലെ മോഷണം സംബന്ധിച്ച് 2020 നവംബറിൽ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിെൻറ ചുവടുപിടിച്ചാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത്.
കേസില്‍ ഫെബ്രുവരി 23ന് രുജിര ബാനര്‍ജിയെയും സഹോദരിയെയും കുടുംബാംഗങ്ങളെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും തങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലെന്ന് അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.
ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അഭിഷേക് ബാനര്‍ജി മാനനഷ്ടക്കേസ് കൊടുത്തിരുന്നു. ഇതിെൻറ പ്രതികാരമാണ് നടപടിയെന്നാണ് തൃണമൂലിെൻറ കുറ്റപ്പെടുത്തൽ.
ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളിലൊന്നുമായി രുജിരക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. രുജിരയുടെ സഹോദരി മേനകാ ഗംഭീറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
മേനകയുടെ ലണ്ടനിലെയും തായ്ലൻഡിലെയും ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ലാല എന്ന് വിളിപ്പേരുള്ള അനുപ് മാജിയാണ് മുഖ്യപ്രതി. ഇതേ കേസിൽ കഴിഞ്ഞ മേയിൽ ഇ.ഡി കുറ്റപത്രം നൽകിയിരുന്നു.
എന്നാൽ, ആരോപണങ്ങൾ അഭിഷേക് ബാനര്‍ജി നേരത്തെ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.