കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പശ്ചിമ ബംഗാളിൽ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർധമാൻ-ദുർഗാപൂർ, കൃഷ്ണനഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണകക്ഷി നേതാക്കൾക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖലിയിലെ ഇരകളോടുള്ള ടി.എം.സിയുടെ അനാസ്ഥയെയും അദ്ദേഹം വിമർശിച്ചു.
“സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരെ നിരവധി അതിക്രമങ്ങൾ നടന്നു, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചു. പക്ഷേ, തൃണമൂൽ കോൺഗ്രസ് മുഖ്യപ്രതികളെ അവസാനം വരെ സംരക്ഷിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടാണ് ബംഗാളിൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരായി മാറിയത്. ഹിന്ദുക്കളെ ഭാഗീരഥി നദിയിൽ എറിയുമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ഒരു എം.എൽ.എ അടുത്തിടെ പ്രസ്താവന നടത്തി. എന്തൊരു രാഷ്ട്രീയമാണിത്? തൃണമൂൽ കോൺഗ്രസ്സിന് മനുഷ്യത്വത്തേക്കാൾ പ്രധാനം പ്രീണനമാണോ? -മോദി ചോദിച്ചു.
ഈയിടെ ഒരു റെയ്ഡിനിടെ സന്ദേശ്ഖലിയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഈ ആയുധങ്ങൾ സംസ്ഥാനത്ത് "ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന്" വേണ്ടിയാണോ എന്ന് മോദി ചോദിച്ചു. പ്രീണന രാഷ്ട്രീയം കാരണം തൃണമൂൽ കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസും ടി.എം.സിയും ഇടതുപാർട്ടികളും പ്രീണന രാഷ്ട്രീയത്തിൽ മാത്രമാണ് വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.