ന്യൂഡൽഹി: മതേതര രാജ്യത്തിൽ മുസ്ലിം വ്യക്തി നിയമത്തിലെ മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രസർക്കാർ. മുത്തലാഖിനെ ന്യായീകരിക്കാൻ കഴിയില്ല. അത് അനുവദിക്കുന്നത് ലിംഗനീതിക്ക് എതിരാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇൗ വിഷയത്തിലാണ് മുത്തലാഖ് ലിംഗനീതിക്കെതിരാണെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
മുത്തലാഖ് സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹമോചനം നേടുന്നതിൽ 20 ഒാളം മുസ്ലിം രാജ്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ലിംഗ നീതിയിലും സ്ത്രീകളുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും മുത്തലാഖുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്കരണം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ മതപരമായ സിവിൽ കോഡ് പിന്തുടരാനുള്ള അവകാശമുണ്ട്. എന്നാൽ മുത്തലാഖിനെ ഇസ്ലാം മതവിശ്വാസത്തിലെ പ്രധാനഭാഗമെന്ന രീതിയിൽ കാണാൻ കഴിയില്ല. മുസ്ലിം വ്യക്തി നിയമങ്ങൾ കുടുംബ ബന്ധങ്ങളിൽ എത്രത്തോളം ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് കോടതിയിലെത്തിയ ഹരജികളിൽ നിന്നും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിെൻറ ഭാഗമാണെന്നും സാമൂഹ്യ പരിഷ്കരണത്തിെൻറ പേരിൽ വ്യക്തി നിയമങ്ങൾ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തിൽ ഇടപെടാനോ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.