അഗർത്തല: ത്രിപുര നിയമസഭയുടെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എൽ.എ സ്പീക്കറുടെ അധികാര ദണ്ഡെടുത്ത് ഒാടി. സഭയിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമൻ(50) ആണ് സ്പീക്കറുടെ അധികാര ദണ്ഡെടുത്ത് പുറത്തേക്ക് ഓടിയത്.
വനംമന്ത്രി നരേഷ് ജമാതിയക്കെതിരായ ലൈംഗികാരോപണത്തിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നതിടെ സുദീപ് റോയ് സ്പീക്കറുടെ കാബിനരികിലേക്ക് നീങ്ങി ദണ്ഡെടുത്ത് ഓടുകയായിരുന്നു. വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരടക്കം ബർമനു പിന്നാലെ ഓടി. വാതിൽത്തുറന്നു പുറത്തേക്കു ഓടിയ ബർമനിൽനിന്ന് ഒടുവിൽ വാച്ച് ആൻഡ് വാർഡ് ദണ്ഡ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് പ്രക്ഷുബ്ദമായ സഭ കുറച്ച് നേരത്തേക്ക് നിർത്തിവെച്ചു.
അധികാര ദണ്ഡ് പിടിച്ചെടുത്ത് നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സ്പീക്കർ രാമേന്ദ്ര ചന്ദ്ര ദേബ്നാഥ് പ്രതികരിച്ചു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാതെയാണ് തൃണമുൽ അംഗങ്ങൾ മറ്റ് പ്രതിപക്ഷ കക്ഷികൾക്കൊപ്പം സഭയിൽ ബഹളമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി നരേഷ് ജമാതിയക്കെതിരായ ലൈംഗികാരോപണങ്ങൾ പത്ര റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ജമാതിയ അത് സഭയിൽ നിഷേധിക്കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് ത്രിപുര നിയമസഭയിൽ സമ്മേളനത്തിനിടെ വെള്ളികൊണ്ടുള്ള അധികാര ദണ്ഡ് എടുത്ത് അംഗങ്ങൾ ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.