അഗർത്തല: കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുര ഖൊവായ് ജില്ലയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മൂന്ന് മുസ്ലിം യുവാക്കൾക്കെതിരെയും പശുമോഷണത്തിന് പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവർക്കെതിരെയാണ് ചമ്പഹോർ പൊലീസ് കേസെടുത്തത്.
അതേസമയം, കൊലപാതകത്തിന് അജ്ഞാതരായ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കല്യാൺപൂർ പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെയും മർദിച്ചുകൊന്നത്. അഗർത്തലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
"കാലികളുമായി അഗർത്തലയിലേക്ക് നീങ്ങുന്ന വാഹനം നമഞ്ജോയ്പാറയിലെ ചിലരാണ് ആദ്യം കണ്ടത്. തുടർന്ന് കല്യാൺപൂർ നോർത്ത് മഹാറാണിപൂർ ഗ്രാമത്തിന് സമീപം ഒരുസംഘം പിന്തുടർന്ന് നിർത്തിച്ചു. അക്രമിസംഘം മൂവരെയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു" -തെലിയാമുര സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സോണാചരൻ ജമാതിയ പറഞ്ഞു.
ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെ സെപാഹിജാല സ്വദേശികളാണ് കൊല്ലപ്പെട്ടവർ. 2019 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് 29 കാരനെയാണ് അന്ന് കൊലപ്പെടുത്തിയത്.
കൊലപാതകം മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമാണെന്ന് സി.പി.എം എം.എൽ.എ ശ്യാമൾ ചക്രബർത്തി പറഞ്ഞു. 'ഇവിടെ നിയമവും പൊലീസും ഉണ്ട്. കന്നുകാലികളെ മോഷ്ടിക്കാനാണ് അവർ വന്നതെങ്കിൽ പൊലീസിന് കൈമാറുകയാണ് വേണ്ടത്" -അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണ് തെളിയിക്കുന്നതെന്ന് ത്രിപുര പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് തപസ് ഡേ പറഞ്ഞു. സർക്കാരും പൊലീസും ഇക്കാര്യത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും മരിച്ചവുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകക്കേസിൽ ശരിയായ അന്വേഷണം നടത്തണമെന്ന് ബിജെപി വക്താവ് സുബ്രത ചക്രവർത്തി ആവശ്യപ്പെട്ടു. "ഇത് ദുഖകരമായ വാർത്തയാണ്. ആളുകൾ നിയമം കൈയ്യിൽ എടുക്കരുത്. ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നില്ല" -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.