ന്യൂഡൽഹി: ത്രിപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് തീവ്രവാദ സംഘടനകളുടെ നിരോധനസാധ്യത പരിഗണിക്കാൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായി കേന്ദ്രസർക്കാർ ട്രൈബ്യൂണലിനെ നിയമിച്ചു. നാഷനൽ ലിബറേഷൻ ഫ്രണ്ട് ഒാഫ് ത്രിപുര (എൻ.എൽ.എഫ്.ടി), ത്രിപുര ടൈഗർ ഫോഴ്സ് (എ.ടി.ടി.എഫ്) എന്നിവയെ നിരോധിക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്നാണ് ട്രൈബ്യൂണൽ പരിഗണിക്കുക.
വിധ്വംസകപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നുവെന്ന കാരണത്താൽ ഇരുസംഘടനകൾക്കും നേരേത്തയുള്ള വിലക്ക് അടുത്തിടെ അഞ്ചു വർഷത്തേക്കുകൂടി കേന്ദ്രസർക്കാർ പുതുക്കിയിരുന്നു. സായുധസമരത്തിലൂടെ ത്രിപുരയെ സ്വതന്ത്രരാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്. 1956നുശേഷം സംസ്ഥാനത്തെത്തിയ എല്ലാ വിദേശികളെയും നാടുകടത്തണമെന്ന വാദവുമായി 1990ൽ രൂപവത്കരിച്ചതാണ് ഇരു സംഘടനകളും.
1997ലാണ് ആദ്യമായി ഇവരെ വിലക്കുന്നത്. ഗോത്രവർഗക്കാർക്കും അല്ലാത്തവർക്കുമിടയിൽ കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചതിനായിരുന്നു നടപടി. ബംഗ്ലാദേശുമായി 856 കി.മീറ്റർ അതിർത്തിപങ്കിടുന്ന സംസ്ഥാനമാണ് ത്രിപുര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.