ചെന്നൈ: തമിഴ് നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’(ടി.വി.കെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഞായറാഴ്ച വൈകീട്ട് വിഴുപ്പുറം ജില്ലയിലെ വിക്കിരവാണ്ടിയിൽ നടക്കും. 85 ഏക്കർ വിസ്തൃതിയിലൊരുക്കിയ സമ്മേളന നഗരിയിൽ 170 അടി നീളവും 65 അടി വീതിയുമുള്ള വേദിയാണ് നിർമിച്ചിരിക്കുന്നത്. സദസ്സിലേക്ക് നീണ്ട റാമ്പും ഒരുക്കി. രണ്ടു ലക്ഷത്തോളം പേർ പങ്കെടുക്കും.
തമിഴ് പൈതൃകത്തോടും സാമൂഹിക നീതിയോടുമുള്ള പ്രതീകാത്മക പ്രതിബദ്ധതയുടെ സൂചകമായി ബി.ആർ. അംബേദ്കർ, പെരിയാർ, അന്തരിച്ച മുൻ മുഖ്യമന്ത്രി കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ തുടങ്ങിയവരുടെ വൻ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. വിജയ്ക്ക് വേദിയിലെത്താനും പുറത്തേക്ക് പോകാനും പ്രത്യേക വഴിയുണ്ടാകും. സമ്മേളന നഗരിയിൽ 100 അടി ഉയരത്തിലുള്ള കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തും. സ്വകാര്യഭൂമിയിലെ സമ്മേളന നഗരിയിൽ അഞ്ചുവർഷത്തേക്ക് കൊടിമരം നിലനിർത്തുമെന്നും സംഘാടകർ അറിയിച്ചു.
2026 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും മറ്റു രാഷ്ട്രീയ കക്ഷികളോടുള്ള സമീപനവും സമ്മേളനത്തിൽ വിജയ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.